ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിൽ ഇഷ്ടികച്ചൂളയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു. ഇതോടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം രണ്ടായി. ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടൻ ദീപക് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭൂപീന്ദറിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിലും പിന്നീട് അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു നാടിനെ ഞെട്ടിച്ച ആക്രമണം നടന്നത്.കുൽഗാമിലെ കെല്ലം പ്രദേശത്തെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് നേരെ ഭീകരർ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഭീകരാക്രമണ വിവരം അറിഞ്ഞയുടൻ സുരക്ഷാസേന സ്ഥലത്തെത്തി പ്രദേശം പൂർണ്ണമായി വളഞ്ഞു. ഭീകരർക്കായി ഊർജ്ജിതമായ തെരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Be the first to comment