കോട്ടയം: വെള്ളിയാഴ്ച വൈകുന്നേരം മുതൽ പെയ്ത ശക്തമായ മഴയിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടൽ. പൂഞ്ഞാർ തെക്കേക്കര പയ്യാരിത്തോട്ടം മണ്ഡപ്ലാവിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു വീട് ഒലിച്ചുപോയി. സ്ഥലത്തുണ്ടായിരുന്ന അമ്മയെയും മകനെയും കാണാതായിരുന്നു.
പിന്നീട് മകനെ മണ്ണിനടിയിൽ നിന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തി. പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോണിയുടെ ഭാര്യയും ജോസഫിന്റെ അമ്മയുമായ ഗ്രേസിക്കായി തെരച്ചിൽ തുടരുന്നു.
ശക്തമായ മഴയിൽ പൂഞ്ഞാർ, കൈപ്പള്ളി, അടുക്കം, അടിവാരം അടക്കമുള്ള സ്ഥലങ്ങളിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ഈരാറ്റുപേറ്റ-വാഗമൺ റോഡ് ഒലിച്ചുപൊയ നിലയിലാണ്. കല്ലും മണ്ണും റോഡിലേയ്ക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
ഈരാറ്റുപേട്ടയിലും സ്ഥിതി മോശമാണ്. ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള വെള്ളപ്പൊക്കമാണ് ടൗണിൽ ഉണ്ടായിരിക്കുന്നത്. നിരവധി വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.

Be the first to comment