മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി; രക്ഷാപ്രവർത്തനം ദുഷ്കരം

തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്ത്‌ (28) ശ്രീമോൻ (25) എന്നിവരെയാണ് അപകടത്തിൽ കാണാതായത്. അഞ്ചുതെങ്ങ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണിത്. വള്ളത്തിൽ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവരെ കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അപകട വിവരം പുറത്തറിയുന്നത്. കോസ്റ്റൽ ഗാർഡ് സംഘം രക്ഷാപ്രവർത്തനം നടത്തുകയാണ്. ശക്തമായ കടലാക്രമണവും വെളിച്ചം കുറവായതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്. തിരുവനന്തപുരം ജില്ലയിൽ മണിക്കൂറുകളായി ശക്തമായ മഴ തുടരുകയാണ്.

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 01/08/2026 രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Be the first to comment

Leave a Reply

Your email address will not be published.


*