ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് തൊഴിലാളികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരുക്കേറ്റ ഒരാൾ അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. തെക്കൻ കശ്മീരിലെ കുൽഗാമിൽ കെല്ലാം മേഖലയിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലൈ 22-ന് ശേഷം തെക്കൻ കശ്മീരിനെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണമാണിത്.
ഇന്ന് വൈകീട്ടോടെ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ആക്രമണം നടന്ന സ്ഥലം വളയുകയും അക്രമികളെ കണ്ടെത്താനായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ കശ്മീരിൽ ഇതര സംസ്ഥാനക്കാർക്കുനേരെ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നവർ ആക്രമണം നടത്തുന്നത് ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷമാണ്. ജൂലൈ 22-ന് തെക്കൻ കശ്മീരിലെ അനന്ത്നാഗിൽ അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഒരു പൊലീസുകാരനെ തീവ്രവാദികൾ വെടിവെച്ചു കൊന്നിരുന്നു. തുടർന്ന്, സുരക്ഷാ സേന 3,500 പേരെ സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുകയും തെക്കൻ കശ്മീരിലെ സജീവ തീവ്രവാദികളുടെ കുടുംബങ്ങൾ താമസിച്ചിരുന്ന രണ്ട് വീടുകൾ തകർക്കുകയും ചെയ്തിരുന്നു.

Be the first to comment