കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്രയുടെ മറവിൽ പുരുഷന്മാരിൽ നിന്ന് പണം വാങ്ങി ജീവനക്കാർ തട്ടിപ്പ് നടത്തുന്നതായി പരാതി. വനിതകൾക്ക് നൽകേണ്ട സീറോ വാല്യൂ ടിക്കറ്റുകൾ പുരുഷ യാത്രക്കാർക്ക് നൽകി മുഴുവൻ ടിക്കറ്റ് തുകയും ജീവനക്കാർ സ്വന്തമാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗവും ഗതാഗത വകുപ്പും അന്വേഷണം ആരംഭിച്ചു.
തട്ടിപ്പ് എങ്ങനെ?
പ്രിയദർശിനി ബസുകളിൽ സ്ത്രീകൾക്ക് ‘പ്രിയദർശിനി ഫ്രീ ട്രാവൽ’ എന്ന ഓപ്ഷനിലൂടെ പൂജ്യം നിരക്കുള്ള (Zero Value Ticket) ടിക്കറ്റുകളാണ് ടിക്കറ്റ് മെഷീൻ വഴി നൽകുന്നത്. ഈ സീറോ ടിക്കറ്റിന്റെ തുക പിന്നീട് സർക്കാർ കെഎസ്ആർടിസിക്ക് തിരിച്ചടക്കുകയാണ് ചെയ്യുന്നത്. എന്നാൽ, പുരുഷന്മാർ യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് മെഷീനിൽ ‘മെയിൽ’ (Male) എന്നതിന് പകരം ‘PFT’ ഓപ്ഷൻ തിരഞ്ഞെടുത്ത് സീറോ ടിക്കറ്റ് നൽകുകയും, പുരുഷന്മാരിൽ നിന്ന് വാങ്ങുന്ന ടിക്കറ്റ് തുക ജീവനക്കാർ സ്വന്തം പോക്കറ്റിലാക്കുകയുമാണ് ചെയ്യുന്നത്.
ശക്തമായ നടപടിയെന്ന് സിഎംഡി
തട്ടിപ്പുമായി ബന്ധപ്പെട്ട് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ മനോരമയോട് പറഞ്ഞു. ഇത്തരം ക്രമക്കേടുകൾ തടയാൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടത്താൻ വിജിലൻസ് വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മോട്ടോർ വാഹന വകുപ്പും വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ആർടിഒമാരുടെ പ്രത്യേക സ്ക്വാഡുകൾ പ്രിയദർശിനി ബസുകളിൽ നേരിട്ടെത്തി സർപ്രൈസ് പരിശോധനകൾ നടത്തുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

Be the first to comment