പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഇറാനെ റഷ്യ ഉപഗ്രഹ വിവരങ്ങൾ നൽകി സഹായിച്ചെന്ന ആരോപണത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നേരിട്ട് സംസാരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആരോപണം തള്ളിക്കളയാനാകില്ലെങ്കിലും അമേരിക്കൻ ആക്രമണങ്ങൾ മൂലം തകർന്നടിഞ്ഞ ഇറാനെ റഷ്യ സഹായിച്ചത് കൊണ്ട് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ട്രംപ് വ്യക്താമാക്കി.
മേഖലയിലെ ഗൾഫ് രാജ്യങ്ങളുടെയും യു.എസ് സൈനിക താവളങ്ങളുടെയും ഉപഗ്രഹ ദൃശ്യങ്ങൾ റഷ്യ ശേഖരിക്കുകയും അത് ഇറാനു കൈമാറുകയും ചെയ്തതിന് തെളിവുണ്ടെന്ന് ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി ആരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ജൂലൈ ആദ്യം മുതൽ റഷ്യൻ ഉപഗ്രഹങ്ങൾ ഗൾഫ് രാജ്യങ്ങളിലെയും യു.എസ് സൈനിക താവളങ്ങളിലെയും വിവരങ്ങൾ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് സെലെൻസ്കി വ്യക്തമാക്കി. ബഹ്റൈൻ, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ നാല് പ്രധാന വ്യോമസേന താവളങ്ങളിൽ റഷ്യൻ ഉപഗ്രഹങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായും, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇറാൻ ആക്രമണ പദ്ധതികൾ തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, അമേരിക്ക നടത്തുന്ന ശക്തമായ സൈനിക തിരിച്ചടികളെ തുടർന്ന് ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നയതന്ത്ര ചർച്ചകൾക്കാണ് തങ്ങൾ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ട്രംപ് വ്യക്തമാക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ മുൻപത്തെപ്പോലെ ശക്തമായ ആക്രമണങ്ങളിലേക്ക് യു.എസ് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Be the first to comment