ലോക്‌സഭയില്‍ പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ഇന്ന് ചര്‍ച്ച; സഹകരിക്കുമെന്ന് പ്രതിപക്ഷം

അമിത് ഷായുടെ പ്രസ്താവനയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ ലോക്‌സഭയില്‍ ഇന്ന് പൊതുപരീക്ഷ നിയമ ഭേദഗതി ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ചയുമായി സഹകരിക്കുമെന്ന് ഇന്നലെ സ്പീക്കര്‍ ഓം ബിര്‍ളയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. ആറ് മണിക്കൂറാണ് ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുന്നത്.

ഭരണപക്ഷത്തിനു വേണ്ടി എംപിമാരായ തേജസ്വി സൂര്യയും ബാന്‍സൂരി സ്വരാജും ബില്ലില്‍ ചര്‍ച്ച ആരംഭിക്കും. പ്രതിപക്ഷത്തു നിന്ന് പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, ശശി തരൂര്‍, ഗൗരവ് ഗോഗോയി തുടങ്ങിയവര്‍ സംസാരിച്ചേക്കും. രാജ്യസഭയില്‍ എംഎസ്എംഇ വികസന ഭേദഗതി ബില്‍ ഇന്ന് അവതരിപ്പിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. വന്ദേമാതരത്തിന് നിയമ പരിരക്ഷ നല്‍കുന്ന ബില്ലില്‍ ചര്‍ച്ച ആരംഭിക്കാനുള്ള ശ്രമവും നടക്കും.

ഇന്നലെ തുടര്‍ച്ചയായ ആറാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭാ നടപടികളും തടസ്സപ്പെട്ടിരുന്നു. നേരത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജി ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു കേന്ദ്ര മന്ത്രി ജിധേന്ദ്ര സിംഗ് പൊതുപരീക്ഷ ഭേദഗതി ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സ്പീക്കര്‍ ഓം ബിര്‍ല അഭ്യര്‍ഥന നടത്തി. പ്രതിപക്ഷം സഹകരിക്കണം എന്ന് ഓം ബിര്‍ള ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് മനപ്പൂര്‍വ്വം തടസങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ തോക്കുകള്‍ ഉപയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടത് എന്ന് കെസി വേണുഗോപാല്‍ എം പി ചോദിച്ചു. ഒടുവില്‍ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും നടത്തിയ സമവായ നീക്കം ഫലം കണ്ടു. കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷം നാളെ ചര്‍ച്ചയില്‍ സഹകരിക്കാമെന്ന് അറിയിക്കുകയായിരുന്നു. രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ വന്ദേമാതരത്തിന് നിയമ സംരക്ഷണം നല്‍കുന്ന ബില്‍ ചര്‍ച്ചയ്ക്ക് എടുക്കാന്‍ സാധിച്ചില്ല.

Be the first to comment

Leave a Reply

Your email address will not be published.


*