കൊളംബിയയില്‍ ഗർഭിണിയെ കൊലപ്പെടുത്തി ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയി

ബൊഗോട്ട : മനുഷ്യമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കൊളംബിയ. കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് സ്വദേശിനിയായ എട്ടുമാസം ഗർഭിണിയായ മരിയ കമീല പൊട്ടോസി (21) എന്ന യുവതിയെ കുത്തിക്കൊന്നശേഷം ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൃത്യം നടത്തിയവർ ഗർഭസ്ഥ ശിശുവിനെ തട്ടിക്കൊണ്ടുപോയതായാണ് കരുതപ്പെടുന്നത്. കുഞ്ഞിനെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജൂലൈ 16ന് തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ കാലി നഗരത്തിനടുത്തുള്ള പോൾവൊറീനസ് മേഖലയിൽ ഇരുചക്രവാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന നിലയിലാണ് മരിയയെ അവസാനമായി കണ്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

യുവതിയുടെ വീട്ടിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒട്ടേറെ പുതപ്പുകൾ കൊണ്ട് പൊതിഞ്ഞ നിലയിലുള്ള മൃതദേഹത്തിൽ പലതവണ കുത്തേറ്റ പാടുകളും ഉണ്ടായിരുന്നതായി കാലി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

നാലിലേറെ പേർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പ്രതികളെ കണ്ടെത്തുന്നതിന് സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 62,000 യുഎസ് ഡോളർ (ഏകദേശം 89 ലക്ഷം രൂപ ) പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

‘അലാഹിയ’ എന്ന് പേരിടാൻ തീരുമാനിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ തിരോധാനമാണ് പൊലീസിനെ കുഴക്കുന്നത്. ശിശുവിനെ കണ്ടെത്തുക അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യമാണെന്ന് കാലി മേയർ അലഹാൻഡ്രോ എഡർ പറഞ്ഞു. മരിയയുടെ അമ്മ ആൽബ ഗോമസ് കൊച്ചുമകളെ ജീവനോടെ തിരികെ നൽകണമെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ മരിയയെ കൂട്ടിക്കൊണ്ടുപോയ മറ്റൊരു സ്ത്രീയുടെ മുഖം പതിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കേസുമായി തനിക്കോ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നും, സംഭവത്തെക്കുറിച്ച് അറിവില്ലെന്നും മരിയയെ അവസാനമായി കൂട്ടിക്കൊണ്ടുപോയ ഇരുചക്രവാഹനമോടിച്ച സ്ത്രീയുടെ മുൻ കാമുകനെന്ന് സ്വയം പരിചയപ്പെടുത്തിയ കാർലോസ് റിൻകോൻ സമൂഹമാധ്യമത്തിലൂടെ അവകാശപ്പെട്ടു. ജനുവരിയിൽ തന്റെ മുൻ കാമുകി ഗർഭിണിയാണെന്ന് പറഞ്ഞിരുന്നതായും അദ്ദേഹം വിഡിയോയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും കാലി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*