ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. 26 ദിവസത്തെ നിരാഹാരസമരം അവസാനിപ്പിച്ചതിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങളെ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് ശക്തമായി തള്ളിക്കളഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണു സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ആരുടേയും സ്വഭാവ സർട്ടിഫിക്കറ്റിനായി കാത്തുനിൽക്കുന്നില്ലെന്നും വാംഗ്ചുക് പ്രതികരിച്ചു. അതേസമയം, കേന്ദ്ര സർക്കാരുമായുള്ള രണ്ടാംഘട്ട ചർച്ചകൾ പൂർത്തിയായെന്നും മൂന്നാംഘട്ട ചർച്ച നാള നടക്കുമെന്നും ചർച്ചയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ മാധ്യമങ്ങളോടു പറഞ്ഞു.
നിരാഹാരസമരം അവസാനിപ്പിച്ചതോടെ സർക്കാരുമായി ഒത്തുതീർപ്പിലെത്തിയെന്ന ആരോപണങ്ങളെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ വാംഗ്ചുക് നിഷേധിച്ചു. ലഡാക്കിലെ കഠിനമായ തണുപ്പിൽനിന്ന് ഡൽഹിയിലെ കൊടും ചൂടിൽ 26 ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചതിലൂടെ തന്റെ ശരീരഭാരം പതിനൊന്ന് കിലോ കുറഞ്ഞെന്നും ആന്തരാവയവങ്ങളെവരെ ബാധിക്കുന്ന അവസ്ഥയിലെത്തിയെന്നും വാംഗ്ചുക് വ്യക്തമാക്കി.
സമരക്കാരെ അടിച്ചമർത്താൻ ശക്തമായ നീക്കം നടക്കുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണു സമരം അവസാനിപ്പിച്ചത്. മുൻപ് ലഡാക്കിൽ യുവാക്കൾക്കുനേരേ നടന്ന വെടിവയ്പിനു സമാനമായ സാഹചര്യം ഡൽഹിയിൽ ഉണ്ടാകാതിരിക്കാനും വിദ്യാർഥികൾക്കെതിരെയുള്ള നിയമനടപടികൾ ഒഴിവാക്കാനുമാണ് താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിംഗ് എന്നിവരുമായി സിജെപി പ്രതിനിധികൾ രണ്ടാം ഘട്ട ചർച്ച നടത്തി. ചില പ്രധാന ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് തത്ത്വത്തിൽ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു. വിഷയം കൂടുതൽ ചർച്ച ചെയ്യുന്നതിനായി നാളെ ഉച്ചയ്ക്കു ശേഷം വീണ്ടും ചർച്ച നടക്കും.

Be the first to comment