ജപ്പാൻ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

2026ലെ ജപ്പാൻ ഓപ്പൺ കിരീടം നേടി ചരിത്രനേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയ പ്രമുഖ ഇന്ത്യൻ ബാഡ്​മിന്റൺ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളം പി വി സിന്ധുവിന്റെ നിശ്ചയദാർഢ്യവും അസാധാരണമായ കായികക്ഷമതയും ദൃശ്യമായെന്നും, കായികരംഗത്തേക്ക് കടന്നുവരുന്നതിനും തിളങ്ങുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് അവർ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“ഇന്ത്യൻ ബാഡ്മിന്റണിന് ഇതു ചരിത്രനേട്ടം

2026ലെ ജപ്പാൻ ഓപ്പണിൽ ഉജ്വല വിജയം കൈവരിച്ച പി വി സിന്ധുവിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം അവരുടെ നിശ്ചയദാർഢ്യവും അസാധാരണമായ കായികക്ഷമതയും ദൃശ്യമായിരുന്നു. ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി അവരാണെന്നത് ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. കായികരംഗത്തേക്ക് കടന്നുവരുന്നതിനും തിളങ്ങുന്നതിനും രാജ്യത്തുടനീളമുള്ള എണ്ണമറ്റ യുവ കായികതാരങ്ങൾക്ക് ഇത് പ്രചോദനമേകും.

ചരിത്രനേട്ടം

ജപ്പാൻ ഓപ്പൺ കിരീടം നേടുന്ന ആദ്യ താരമായി പിവി സിന്ധു. ഞായറാഴ്ച ടോക്കിയോയിൽ നടന്ന കലാശപ്പോരാട്ടത്തിൽ ജപ്പാന്റെ പ്രിയതാരം അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് രണ്ട് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുള്ള പി വി സിന്ധു തന്റെ ആദ്യ ജപ്പാൻ ഓപ്പൺ കിരീടവും കരിയറിലെ ആദ്യ സൂപ്പർ 750 കിരീടവും സ്വന്തമാക്കിയത്.സ്കോർ: 21-17, 21-17.

രണ്ട് വർഷത്തിലേറെ നീണ്ട കിരീട വരൾച്ചയ്ക്ക് അറുതി വരുത്തിയ ഈ വിജയം, 2019 ലെ ലോക ചാമ്പ്യൻഷിപ്പിന് ശേഷം സിന്ധു നേടുന്ന ഏറ്റവും വലിയ കിരീടം കൂടിയാണ്. ഇതിനുമുമ്പ് 2024 ലെ സയ്യിദ് മോദി ഇന്റർനാഷണലിലാണ് സിന്ധു കിരീടം നേടിയത്. യമാഗുച്ചി തന്റെ ആറാമത്തെ ജപ്പാൻ ഓപ്പൺ ഫൈനലാണ് കളിച്ചത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരു മത്സരത്തിലും ജാപ്പനീസ് താരത്തെ തോൽപ്പിക്കാൻ സിന്ധുവിന് കഴിഞ്ഞിരുന്നില്ല. ഈ വർഷം ആദ്യം നടന്ന മലേഷ്യൻ ഓപ്പണിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ, ആദ്യ ഗെയിമിന് ശേഷം യമാഗുച്ചി പരിക്കേറ്റ് പിന്മാറുകയായിരുന്നു. 2022 ലെ തായ്‌ലൻഡ് ഓപ്പണിലായിരുന്നു സിന്ധു യമാഗുച്ചിക്കെതിരെ ഇതിനുമുമ്പ് ഒരു സമ്പൂർണ്ണ മത്സരം വിജയിച്ചത്.

ഞായറാഴ്ച നടന്ന മത്സരത്തിൽ ഭൂരിഭാഗം സമയവും നിയന്ത്രണം സിന്ധുവിന്റെ കൈകളിലായിരുന്നു. നെറ്റ് പ്ലേയിലെ മികവാണ് സിന്ധുവിന് തുണയായത്. മത്സരത്തിന്റെ തുടക്കത്തിൽ സിന്ധു 3-0 ന് മുന്നിലെത്തിയെങ്കിലും യമാഗുച്ചി 3-3 ന് ഒപ്പമെത്തി. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ ഇരുതാരങ്ങളും പോയിന്റുകളും പിഴവുകളും മാറിമാറി വരുത്തിയതോടെ കളി കനത്തു.

നെറ്റ് പ്ലേയിലൂടെ തുടർച്ചയായി പോയിന്റുകൾ നേടിയ സിന്ധു 8-6 ന് മുന്നിലെത്തുകയും, ശക്തമായ ഒരു സ്മാഷിലൂടെ ലീഡ് 9-6 ആയി ഉയർത്തുകയും ചെയ്തു. എന്നാൽ ശക്തമായി തിരിച്ചടിച്ച യമാഗുച്ചി രണ്ട് പോയിന്റിന്റെ ലീഡോടെയാണ് പകുതി സമയത്തെ ഇടവേളയ്ക്ക് പിരിഞ്ഞത്. ഇടവേളയ്ക്ക് ശേഷം, 36 ഷോട്ടുകൾ നീണ്ട തകർപ്പൻ റാലിയിലൂടെ സിന്ധു 11-11 ന് ഒപ്പമെത്തുകയും മത്സരം വീണ്ടും കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

രണ്ടാം ഗെയിമിൽ 14-7 ന് മുന്നിലായിരുന്ന സിന്ധുവിനെതിരെ യമഗുച്ചി 18-17 വരെ പോരാടിയെങ്കിലും, സിന്ധുവിന്‍റെ തകർപ്പൻ നെറ്റ് ഗെയിമിന് മുന്നിൽ ഒടുവിൽ ജാപ്പനീസ് താരം കീഴടങ്ങുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*