ന്യൂഡൽഹി: സത്യം പറയുന്നതിനെ ഭയക്കേണ്ട കാര്യമില്ലെന്ന് നടൻ പ്രകാശ് രാജ്. ഭീരുവിനെപ്പോലെ മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ജന്തർ മന്ദറിലെ സമരപന്തലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞായറാഴ്ച വൈകുന്നേരം ജന്തർ മന്ദറിലെ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കുചേർന്ന പ്രകാശ് രാജ് രാത്രി മുഴുവൻ സമരക്കാർക്കൊപ്പം തുടർന്നു. സത്യം പറയുന്നതിൽ താൻ ഭയപ്പെടുന്നില്ലെന്നും സ്വന്തം മനസാക്ഷിയുടെ വിളികേട്ടാണ് സമരത്തിൽ പങ്കുചേർന്നതെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
കള്ളം പറയാനാണ് ഭയപ്പെടേണ്ടത്. ഭഗത് സിംഗ്, മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, ബി.ആർ. അംബേദ്കർ തുടങ്ങിയ മഹാൻമാർ സത്യത്തിനൊപ്പം നിൽക്കാനാണ് പഠിപ്പിച്ചത്. മുൻഗാമികളുടെ വലിയ ത്യാഗങ്ങളുമായി താരതമ്യംചെയ്യുമ്പോൾ താൻ നേരിടുന്ന ചെറിയ പ്രയാസങ്ങൾ ഒന്നുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യഥാർഥ മരണം സംഭവിക്കുന്നതിന് മുൻപ് ഭീരുവിനെപ്പോലെ മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

Be the first to comment