അഴിമതിക്കെതിരെ ‘സീറോ ടോളറൻസ്’ നയം; തമിഴ്നാട്ടിൽ 7 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തമിഴ്നാട്ടിൽ അഴിമതിക്കെതിരെ നടപടി കടുപ്പിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. അഴിമതി ആരോപണങ്ങളെ തുടർന്ന് ചെന്നൈ കോർപറേഷനിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ചെന്നൈയിലെ രണ്ട് സോണുകളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനകളെ തുടർന്നാണ് നടപടി. പരിശോധനയ്ക്കിടെ കണക്കിൽപ്പെടാത്ത പണവും സംശയാസ്പദമായ ഡിജിറ്റൽ ഇടപാടുകളും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

ചെന്നൈയിലെ പ്രധാന മേഖലകൾ ഉൾപ്പെടുന്ന 6, 9 സോണുകളിലായിരുന്നു പരിശോധന. 2.39 ലക്ഷം രൂപയുടെ ഇടപാടുകളെ കുറിച്ച് കൃത്യമായ വിശദീകരണം നൽകാത്ത ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ഇക്കൂട്ടത്തിലുണ്ട്. വിജിലൻസ് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (DVAC) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനും ക്രിമിനൽ നടപടികളും ആരംഭിച്ചത്. അഴിമതി വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും, വകുപ്പുതല അന്വേഷണവും ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കൈക്കൂലി, വ്യാജ ബില്ലിംഗ്, പണത്തിന് പകരം ജോലി നൽകൽ തുടങ്ങിയ ആരോപണങ്ങളിൽ ആറ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിൽ ആരോപണങ്ങൾ തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് പദ്ധതിയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*