മൂന്ന് ജീവനുകൾ കവർന്ന ട്രക്ക് അപകടം; ഇന്ത്യൻ ഡ്രൈവർക്ക് നാല് വർഷം എട്ട് മാസം മാത്രം തടവ്

കാലിഫോർണിയ: ദക്ഷിണ കാലിഫോർണിയയിലെ ഒന്റാറിയോയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഭീകര ട്രക്ക് അപകടക്കേസിൽ ഇന്ത്യൻ വംശജനായ 21-കാരൻ ജഷൻപ്രീത് സിംഗിന് (Jashanpreet Singh) നാല് വർഷവും എട്ട് മാസവും തടവുശിക്ഷ വിധിച്ചു.

2025 ഒക്ടോബറിലാണ് കാലിഫോർണിയയിലെ ഇന്റർസ്റ്റേറ്റ് 10 (I-10) ഫ്രീവേയിൽ സിംഗ് ഓടിച്ച സെമി-ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ഏഴ് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ പ്രായമായ ദമ്പതികളുൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

ആദ്യത്തിൽ കുറ്റം നിഷേധിച്ചിരുന്ന ജഷൻപ്രീത് സിംഗ് പിന്നീട് ഗുരുതര അശ്രദ്ധയോടെയുള്ള വാഹനാപകടത്തിലൂടെ മരണം വരുത്തിയ മൂന്ന് ഫെലണി കുറ്റങ്ങൾ സമ്മതിക്കുകയായിരുന്നു. പരമാവധി 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസിലായിരുന്നു കോടതി നാല് വർഷവും എട്ട് മാസവും തടവിന് ശിക്ഷിച്ചത്.

അപകടസമയത്ത് പടിഞ്ഞാറോട്ടുള്ള ഫ്രീവേയിൽ ഗതാഗതം മന്ദഗതിയിലായിരുന്നെങ്കിലും, സിംഗിന്റെ ട്രക്ക് വേഗം കുറയ്ക്കുകയോ ബ്രേക്ക് ഇടുകയോ ചെയ്തില്ലെന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. തുടർന്ന് ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി തീപിടിക്കുകയും റോഡരികിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) സിംഗിനെതിരെ ഇമിഗ്രേഷൻ ഡിറ്റെയ്‌നർ പുറപ്പെടുവിച്ചിരുന്നു. ഇയാൾക്ക് കാലിഫോർണിയയിൽ കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് (CDL) ലഭിച്ചതിനെച്ചൊല്ലിയും വിവാദം ഉയർന്നിട്ടുണ്ട്.

അതേസമയം, യു.എസ്. ഗതാഗത വകുപ്പ് (Department of Transportation) കാലിഫോർണിയ ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി. അനധികൃത കുടിയേറ്റക്കാർക്ക് കൊമേഴ്സ്യൽ ലൈസൻസ് അനുവദിക്കരുതെന്ന പുതിയ ഫെഡറൽ നിയമം നിലവിൽ വന്നതിന് പിന്നാലെയും ജഷൻപ്രീത് സിംഗിന്റെ ലൈസൻസ് വിപുലീകരിച്ചതാണ് ഈ ദുരന്തത്തിന് വഴിവെച്ചതെന്ന് വകുപ്പ് ആരോപിച്ചു.

ഗതാഗത സെക്രട്ടറി ഷോൺ ഡഫി (Sean Duffy), സംസ്ഥാന സർക്കാർ ഫെഡറൽ നിയമം പാലിച്ചിരുന്നുവെങ്കിൽ ഈ അപകടവും മൂന്ന് ജീവനുകളുടെ നഷ്ടവും ഒഴിവാക്കാനാകുമായിരുന്നുവെന്ന് പ്രസ്താവിച്ചു.

ഇതിനിടെ, ഫ്ലോറിഡയിൽ മറ്റൊരു ഇന്ത്യൻ വംശജനായ ഹർജീന്ദർ സിംഗ് (Harjinder Singh) അനധികൃത യു-ടേൺ എടുത്ത് 18-ചക്ര ട്രക്ക് ഓടിച്ചതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലും വിചാരണ നേരിടുകയാണ്. ആ കേസിൽ കൊലപാതകവും ഇമിഗ്രേഷൻ നിയമലംഘനവും ഉൾപ്പെടെയുള്ള നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*