ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയായി അനിൽ മേനോൻ; ‘സോയൂസ് എംഎസ് -29’ വിക്ഷേപണം വിജയം

ന്യൂയോർക്ക്: : ആദ്യമായൊരു മലയാളി ബഹിരാകാശം തൊട്ടു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള അനിൽ മേനോൻ ഉൾപ്പെട്ട മൂന്ന് യാത്രികരുമായി റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്‍റെ ‘സോയൂഷ് എംഎസ് -29’ പേടകം വിജയകരമായി ബഹിരാകാശത്ത് എത്തി.

അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐ.എസ്.എസ്) പേടകം ഡോക്ക് ചെയ്തു. പുലർച്ച ഒന്നരയോടെ അനിലും സഹയാത്രികരും പേടകത്തിൽനിന്ന് പുറത്തിറങ്ങി ഐ.എസ്.എസിലേക്ക് പ്രവേശിക്കും. രാകേഷ് ശർമക്കും (1984) ശുഭാൻഷു ശുക്ലക്കും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി 49കാരനായ അനിൽ. രാകേഷ് ശർമ ഏഴ് ദിവസവും ശുഭാൻഷു 20 ദിവസവുമായിരുന്നു ബഹിരാകാശത്ത് ചെലവഴിച്ചതെങ്കിൽ അനിൽ മേനോന്റെ യാത്ര ചുരുങ്ങിയത് 240 ദിവസത്തേക്കാണെന്ന പ്രത്യേകതയുമുണ്ട്. റഷ്യക്കാരായ പ്യോത്ർ ദുബ്റോവ് (കമാൻഡർ), അന്ന കികീന (ഫ്ലൈറ്റ് എൻജിനീയർ) എന്നിവരായിരുന്നു 49കാരനായ അനിൽ മേനോന്റെ സഹയാത്രികർ. 8.17ന് കസാഖ്സ്താനിലെ ബേക്കനൂരിൽനിന്നാണ് യാത്രികർ കുതിച്ചുയർന്നത്. രണ്ടുതവണ ഭൂമിയെ വലം വെച്ചശേഷം രാത്രി 11.30ഓടെ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്തു.

രണ്ട് മണിക്കൂറിലെ സാങ്കേതിക ജോലികൾക്കുശേഷമാണ് യാത്രികർ ഐ.എസ്.എസിൽ പ്രവേശിക്കുക. നാസയുടെ ജെസീക്ക മെയിറിന്റെ നേതൃത്വത്തിലുള്ള സംഘം ഐ.എസ്.എസിൽ ഇവരെ സ്വീകരിക്കും. 2027 ഏപ്രിൽ ആദ്യമായിരിക്കും അനിലിന്റെ മടക്കം. എട്ടുമാസത്തെ ബഹിരാകാശ ഗവേഷണത്തിനിടെ അതിനിർണാകയമായ പല പരീക്ഷണങ്ങളും അവിടെ അനിലിന്റെ നേതൃത്വത്തിൽ നടക്കും. മെഡിക്കൽ ഡോക്ടറും ന്യൂറോസർജനും യു.എസ് എയർഫോഴ്സിൽ പൈലറ്റുമായിരുന്ന അനിൽ മേനോൻ 2014 മുതൽ നാസയുടെ ഭാഗമാണ്. 2018ൽ സ്പേസ് എക്സിന്റെ മെഡിക്കൽ ഡയറക്ടറായ അനിൽ, യാത്രികനായി തിരഞ്ഞെടുക്കപ്പെട്ടത് 2021ലാണ്.

രണ്ടുവർഷത്തെ പരിശീലനം പൂർത്തിയാക്കിയ ഇദ്ദേഹത്തെ 2024ൽ സോയൂസ് യാത്രികരിൽ ഉൾപ്പെടുത്തിയതായി നാസ പ്രഖ്യാപിച്ചു. ജൂൺ 17നാണ് സോയൂസ് യാത്രയുടെ തീയതി പ്രഖ്യാപിച്ചത്. യു.എസിലെ മിനപോളിസിൽ ജനിച്ച അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ എന്ന കെ.പി.എസ്. മേനോൻ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്. യുക്രെയ്നിൽനിന്ന് യു.എസിലേക്ക് കുടിയേറിയ എലിസബത്താണ് അനിലിന്റെ മാതാവ്. അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ യാത്രികയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*