ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ഉണ്ടാകുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളെത്തുടർന്ന് വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാന്റെ നടപടിയോട് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
“കഴിഞ്ഞ രാത്രി ഞങ്ങൾ അവർക്ക് തിരിച്ചടി നൽകി. വളരെ ശക്തമായ തിരിച്ചടി. ഞാനവർക്ക് ചെറിയൊരു മുന്നറിയിപ്പ് നൽകുകയാണ്. ഇന്ന് രാത്രി ഞങ്ങൾ അവർക്ക് ശക്തമായ തിരിച്ചടി നൽകാൻ പോകുന്നു,” തുർക്കിയിലെ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞു. ഹോർമുസിലെ ആക്രമണങ്ങളിൽ ഇറാനെ രൂക്ഷമായി ട്രംപ് വിമർശിക്കുകയും ചെയ്തു. ഇറാനെ ആണവായുധമുക്തമാക്കുന്നതിനാണ് യുദ്ധം ഉണ്ടായതെന്ന് ട്രംപ് നാറ്റോ ഉച്ചകോടിക്കിടെ അവകാശപ്പെട്ടു.
“ഇറാന് ഭ്രാന്താണ്. ഇക്കൂട്ടർക്ക് എന്തോ കുഴപ്പമുണ്ട്. കഴിഞ്ഞ 47 വർഷമായി ഇറാൻ മിഡിൽ ഈസ്റ്റിലെ ഗുണ്ടകളെപ്പോലെയാണ് പെരുമാറിയിരുന്നത്. എന്നാൽ ഇനി അവർക്ക് ആ ഗുണ്ടാമനോഭാവം തുടരാനാവില്ല. ഞങ്ങൾക്ക് വേണ്ടത് വളരെ ലളിതമായ ഒരു കാര്യമാണ്. ഇറാന് ആണവായുധം പാടില്ല. അതിനുവേണ്ടിയാണ് ഞാൻ അവിടെ നിലകൊള്ളുന്നത്” ട്രംപ് വ്യക്തമാക്കി. ജൂൺ പതിനേഴിന് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പുവച്ച അറുപത് ദിവസത്തെ വെടിനിർത്തൽ ധാരണയ്ക്ക് 22 ദിവസത്തെ ആയുസ് മാത്രമാണുണ്ടായത്. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യ വീണ്ടും കലുഷിതമായിരുന്നു.
ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ വീണ്ടും യുദ്ധഭീതിയിലാണ് മേഖല. കപ്പലാക്രമണങ്ങൾക്ക് പിന്നാലെ തെക്കൻ ഇറാനിൽ വ്യാപക വ്യോമാക്രമണമാണ് അമേരിക്ക നടത്തിയത്. കുവൈത്തിലും ബഹ്റൈനിലുമായി അമേരിക്കൻ സേനാ താവളങ്ങൾ ലക്ഷ്യമിട്ട് എൺപതിലേറെ ആക്രമണം നടത്തിയെന്നാണ് ഇറാന്റെ അവകാശവാദം. ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇറാഖിലെ നജഫിലെത്തി. ഇന്ന് നജഫിലും കർബലയിലുമാണ് വിലാപയാത്ര. നാളെ മഷാദിലാണ് ഖമനയിയുടെ സംസ്‌കാരം. സംസ്‌കാര ചടങ്ങിന്റെ പ്രാധാന്യം കുറയ്ക്കാനാണ് അമേരിക്കയുടെ ആക്രമണമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് ആരോപിച്ചു.

Be the first to comment