‘സിപിഐഎമ്മും ഇഡിയും പറഞ്ഞ് പറ്റിച്ചു,നഷ്ടപരിഹാരം ലഭിച്ചില്ല’; ED പരിശോധനയ്ക്കിടെ തകർന്ന വാഹനത്തിന്റെ ഉടമ

റെയ്ഡ് കഴിഞ്ഞ മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ ടാക്സി ഡ്രൈവറും സിപിഐഎം പ്രവർത്തകനുമായ ശ്യാംരാജിനെ കൈവിട്ട് സിപിഐഎമ്മും ഇഡിയും. നഷ്ടപരിഹാരം നൽകിയാൽ കോടതിയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നീക്കം. പ്രവർത്തകരുടെ ആക്രമണത്തിൽ കാർ തകർന്ന ശ്യാമിനെ സഹായിക്കുമെന്നായിരുന്നു നേതാക്കൾ നേരത്തെ പറഞ്ഞിരുന്നത്. പണിപൂർത്തിയായ വാഹനം ലഭിക്കാൻ തിരികെ വാങ്ങാൻ 1,80,000 രൂപ ആവശ്യമാണ്.

പെയിന്റ് പണിക്ക് പോയും, സിമന്റ് കടയിൽ പണിയെടുത്തുമാണ് ശ്യാംരാജ് ഉപജീവന മാർഗം കണ്ടെത്തുന്നത്. ഒരു സഹായവും സിപിഐഎമ്മിൽ നിന്ന് ഉണ്ടായില്ല. സംഭവത്തിന് ശേഷം ആരും വിളിച്ചിട്ടില്ല. ഇൻഷുറൻസ് കഴിഞ്ഞിട്ടുള്ള പണം ഇഡി തരാമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇതിന് ശേഷം അവരുടെ വിവരവുമില്ലെന്ന് ശ്യാംരാജ് പറയുന്നു. പ്രതിഷേധത്തിനെത്തിയവർ കാർ പൂർണമായി തകർത്തിരുന്നു.

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. പത്ത് പ്രതികളുടെ ജാമ്യ ഹർജിയിലാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി വിധി പറയുന്നത്. പ്രതിഭാഗത്തിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ച കോടതി അക്രമ ദൃശ്യങ്ങൾ ഇന്നലെ കണ്ടിരുന്നു. മുൻ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും, പ്രതികൾ ആക്രമണവും ഗുഢാലോചനയും നടത്തിയെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*