കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ ‘സിഎം’ പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയുള്ള ധ്യാനിന്റെ തമാശ പക്ഷേ തമിഴ്നാട്ടിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ ഓൺലൈൻ ചനലുകൾ അടക്കം ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ പങ്കുവച്ചതോടെ വിജയ് ഫാൻസ് രംഗത്തെത്തി. വളരെ മോശം രീതിയിലുള്ള കമന്റുകളാണ് ധ്യാനിനെതിരെ ഇവർ കുറിച്ചിരിക്കുന്നത്. ഒപ്പം മലയാള സിനിമയെ ഇനി പ്രേത്സാഹിപ്പിക്കാൻ പാടില്ലെന്നടക്കമുള്ള മുന്നറിയിപ്പ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ്നാട് വ്ലോഗേഴ്സും ധ്യാനിനെതിരെ വീഡിയോകൾ ചെയ്തിട്ടുണ്ട്.
‘കേരളത്തിലെ ഏറ്റവും വലിയ ജോക്കർ- ധ്യാൻ’ എന്നാണ് ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നടന്റെ ഫോട്ടോ പങ്കിട്ട് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഭൂരിഭാഗവും ധ്യാനിന്റെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ്. ടിവികെ കേരള നിങ്ങള്ക്ക് ഒരു വിലയുണ്ടായിരുന്നു. അതിപ്പോ പോയെന്നും അൺഫോളോ ചെയ്യുന്നുവെന്നും കമന്റുകളുണ്ട്. കേരളത്തിലെ പല വിജയ് ആരാധകരും കമ്മിറ്റിയ്ക്ക് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

Be the first to comment