ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാമറയുടെ ആംഗിള്‍ അല്ല, ഹൃദയത്തിന്റെ കാഴ്ചപ്പാട് (ദില്‍ കാ ആംഗിള്‍) ആണു മാറ്റേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോര്‍ച്ചയ്ക്കെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരേ എകെ 47 തോക്കും പെല്ലറ്റ് തോക്കുകളും പ്രയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടതെന്നും വിദ്യാര്‍ഥികള്‍ ഭീകരരാണോയെന്നു പറയണമെന്നും പ്രിയങ്ക ലോക്സഭയില്‍ ആവശ്യപ്പെട്ടു.
വ്യത്യസ്ത ആംഗിളുകളില്‍നിന്നു വീഡിയോ റീലുകള്‍ നിര്‍മിച്ചുകൊണ്ട് ജെന്‍സിയുടെ വിശ്വാസം നേടാന്‍ കഴിയില്ലെന്നു മോദിയോട് പ്രിയങ്ക പറഞ്ഞു. കാമറ ആംഗിളല്ല, ഹൃദയത്തിന്റെ ആംഗിളാണു മാറ്റേണ്ടത്. ഈ തലമുറ ജാഗരൂകരാണ്.
കുട്ടികള്‍ക്കെന്താണു വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് ഇപ്പോഴുമറിയില്ല. പുതുതലമുറ വിദ്യാര്‍ഥികളെ സ്വാധീനിക്കാനായി അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നടത്തിയ ഇന്‍സ്റ്റഗ്രാം റീലുകളെ പരിഹസിച്ചായിരുന്നു മോദിക്കെതിരേയുള്ള പ്രിയങ്കയുടെ രൂക്ഷവിമര്‍ശനം.
ഈ രാജ്യത്തെ യുവാക്കള്‍ ആവശ്യപ്പെടുന്നതു നീതിയാണ്, ഔദാര്യമല്ല. സര്‍ക്കാരിനെ താഴെയിറക്കാനല്ല അവര്‍ വന്നത്. മറിച്ച്, പരീക്ഷയിലുള്ള വിശ്വാസം സംരക്ഷിക്കാനാണ്. സര്‍ക്കാരിന്റെ വിശ്വാസ്യത ആദ്യം കാത്തുസൂക്ഷിക്കുക, ഉദ്ദേശ്യശുദ്ധി ഉറപ്പാക്കുക, അഹങ്കാരം ഉപേക്ഷിക്കുക, നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുക- പ്രിയങ്ക ഓര്‍മപ്പെടുത്തി. ജയ് ഹിന്ദ്. “സര് ഇനിയെങ്കിലും ഒന്നു പുഞ്ചിരിക്കൂ” എന്ന് സ്പീക്കര്‍ ഓം ബിര്‍ളയോട് പ്രിയങ്ക പറഞ്ഞതു സഭയിലാകെ ചിരി പടര്‍ത്തി.
ലജ്ജാകരമായ സാഹചര്യത്തിലാണു വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവച്ചത്. എന്നാല്‍, അന്നുതന്നെ പാര്‍ലമെന്റിലെ മകര്‍ ദ്വാര്‍ കവാടത്തില്‍ ഭരണപക്ഷ എംപിമാര്‍ അദ്ദേഹത്തെ ഒരു സൂപ്പര്‍ സ്റ്റാറിനെപ്പോലെ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കി വരവേറ്റു. ഇതിലെ വൈരുധ്യം നോക്കൂ: മുന്‍ വിദ്യാഭ്യാസ മന്ത്രിയെ ആദരിക്കുകയും കിരീടം അണിയിച്ചു വരവേല്‍ക്കുകയും ചെയ്യുമ്പോള്‍, മഹാരാഷ്ട്രയിലെ ഒരു കുടുംബം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഇരയായിത്തീര്‍ന്ന തങ്ങളുടെ മകളുടെ ആത്മഹത്യയില്‍ വിലപിക്കുകയായിരുന്നു- പ്രിയങ്ക ചൂണ്ടിക്കാട്ടി.
നിരവധി വിദ്യാര്‍ഥികളുടെ ജീവനെടുത്ത പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിയായി രാജിവച്ചയാള്ക്കു സ്വീകരണം നല്‍കിയതിലൂടെ രാജ്യത്തെ കോടിക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് എന്തു സന്ദേശമാണു സര്‍ക്കാര്‍ നല്‍കിയത്? എന്തിലാണ് അഭിമാനം തോന്നുന്നത്? എന്താണിത്, ഇത്രയേറെ അഹങ്കാരമോ? ലജ്ജിക്കേണ്ടിടത്ത് ആഘോഷവും കൈയടികളുമാണു കാണുന്നത്. ഒരു വശത്ത് ദുഃഖവും വിലാപവും, മറുവശത്ത് ഒരാളെ മാലയിട്ട് ആദരിക്കുന്നു. ആര്‍ക്കാണ് നിങ്ങളെ വിശ്വസിക്കാന്‍ കഴിയുക?- പ്രിയങ്ക തുറന്നടിച്ചു.
തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വീഴ്ചകളും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ പോലീസ് നടപടികളും ഉയര്‍ത്തിയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷ ആക്രമണം. ബിജെപി അംഗങ്ങള്‍ തടസവാദങ്ങളും ബഹളങ്ങളുമായി എഴുന്നേറ്റു പ്രസംഗം തടസപ്പെടുത്താന്‍ പലതവണ ശ്രമിച്ചെങ്കിലും മോദിക്കും അമിത് ഷായ്ക്കും സര്‍ക്കാരിനുമെതിരേ തമാശയും പരിഹാസവും ഗൗരവ ആരോപണങ്ങളും ചേര്‍ത്തു പ്രിയങ്കയുടെ കടന്നാക്രമണം തുടര്‍ന്നു.
നന്ദൻ നിലേക്കനിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതിയില്‍ ഗോമൂത്ര വിദഗ്ധനെ കൂടി ഉള്‍പ്പെടുത്തിയെന്നു പ്രിയങ്ക പരിഹസിച്ചു.
ആര്‍എസ്എസ് പ്രചാരകരെക്കൊണ്ടു നിറച്ച് വിദ്യാഭ്യാസ സംവിധാനത്തെ പൊള്ളയാക്കി മാറ്റിയിരിക്കുന്നു. നിര്‍ബന്ധപൂര്‍വം സ്ഥാപിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയില്‍ (എന്‍ടിഎ) എല്ലാം കേന്ദ്രീകരിച്ച് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

Be the first to comment