ന്യൂഡൽഹി: കേന്ദ്ര സർക്കാർ പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന നിലയിൽ നടപ്പിലാക്കാൻ ഉദ്ധേശിക്കുന്ന ഇ20 പെട്രോൾ വാഹന ഉടമകൾക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. പുതിയ ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ വാഹനങ്ങളുടെ മൈലേജ് കുത്തനെ കുറഞ്ഞതായും എഞ്ചിൻ ഭാഗങ്ങൾക്ക് ഗുരുതര കേടുപാടുകൾ സംഭവിക്കുന്നതായും രാജ്യവ്യാപകമായി നടത്തിയ സർവേ വ്യക്തമാക്കുന്നു.
‘ലോക്കൽ സർക്കിൾസ്’ എന്ന സ്ഥാപനം നടത്തിയ പഠനമനുസരിച്ച്, 2023-ന് മുമ്പ് നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ 67% പേർക്കും മൈലേജിൽ 10 ശതമാനത്തിലധികം കുറവ് രേഖപ്പെടുത്തി. നാലിൽ ഒരാൾക്ക് മൈലേജ് 20 ശതമാനത്തിൽ അധികം ഇടിഞ്ഞു. ഇ20 അനുയോജ്യമെന്ന് കമ്പനികൾ അവകാശപ്പെടുന്ന 2023-2024 മോഡൽ വാഹന ഉടമകളിലും 59 ശതമാനം ആളുകൽ മൈലേജിൽ വലിയ കുറവുണ്ടാകുന്നതായാണ് പരാതിപ്പെട്ടത്.
ഫ്യുവൽ പമ്പ്, ഫ്യുവൽ ഇൻജക്ടറുകൾ, ഫ്യുവൽ ടാങ്ക്, പൈപ്പുകൾ എന്നിങ്ങനെയുള്ള വാഹന ഭാഗങ്ങളിൽ വേഗത്തിൽ തേയ്മാനവും തുരുമ്പും ഉണ്ടാകുന്നതായി 45% വാഹനം ഉടമകൾ വ്യക്തമാക്കി. എഞ്ചിൻ വിറക്കൽ, വണ്ടി സ്റ്റാർട്ടാകാൻ വൈകൽ, പിക്ക്-അപ്പ് കുറയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്നും വാഹന ഉടമകൾ പറയുന്നു.
എഥനോൾ മിശ്രിതം കാരണം എഞ്ചിനുകൾക്ക് തകരാർ സംഭവിക്കുന്നുവെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നിലപാട്. കൂടാതെ, ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാനും കർഷകർക്ക് വരുമാനം ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ലാബുകളിലെ കണ്ടെത്തലുകളും യഥാർഥ അനുഭവങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് വാഹന പ്രേമികളുടെയും വിദഗ്ധരുടെയും അഭിപ്രായം.

Be the first to comment