ട്രംപിന് വീണ്ടും തിരിച്ചടി; എച്ച്-1ബി വിസ ഫീസ് ഈടാക്കാനുള്ള നീക്കം അപ്പീൽ കോടതി തടഞ്ഞു

വാഷിങ്ടൺ: അമേരിക്കയിൽ വിദഗ്ധ വിദേശ തൊഴിലാളികൾക്കായുള്ള എച്ച്-1ബി വിസകൾക്ക് ഒരു ലക്ഷം ഡോളർ ഫീസ് ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം ഫെഡറൽ അപ്പീൽ കോടതി തടഞ്ഞു. ഫീസ് ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ട്രംപ് ഭരണകൂടത്തി​​ന്റെ അപ്പീലാണ് കോടതി തള്ളിയത്.

കോൺഗ്രസിന്റെ അനുമതിയില്ലാത്ത നിയമവിരുദ്ധമായ നികുതിയാണിതെന്ന് ചൂണ്ടിക്കാട്ടി 20 ഡെമോക്രാറ്റിക് സംസ്ഥാന അറ്റോർണി ജനറൽമാർ നൽകിയ ഹരജിയിൽ, ജൂൺ 8-ന് കീഴ്ക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയാണ് ബോസ്റ്റൺ ആസ്ഥാനമായുള്ള ഒന്നാം യു.എസ്. സർക്യൂട്ട് അപ്പീൽ കോടതി ശരിവെച്ചത്. ഫീസ് ചുമത്തിയത് വഴി ഭരണകൂടം തന്റെ അധികാരം ദുർവിനിയോഗം ചെയ്തിട്ടില്ലെന്ന് അപ്പീലിൽ തെളിയിക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ ടെക്നോളജി കമ്പനികൾ കൂടുതലായി ആശ്രയിക്കുന്ന എച്ച്-1ബി വിസകളുടെ നിരക്ക് വർധിപ്പിച്ചുകൊണ്ട് സെപ്റ്റംബറിലാണ് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ​ട്രംപ് ഉത്തരവിറക്കിയത്. പ്രതിവർഷം 65,000 എച്ച്-1ബി വിസകളും, ഉപരിപഠനം കഴിഞ്ഞ തൊഴിലാളികൾക്കായി 20,000 വിസകളുമാണ് അനുവദിക്കുന്നത്. ഇവ മൂന്ന് മുതൽ ആറ് വർഷം വരെയാണ് അംഗീകൃതമായിട്ടുള്ളത്.

ട്രംപിന്റെ ഈ നീക്കത്തിന് മുമ്പ്, വിദേശ തൊഴിലാളികൾക്കായി അപേക്ഷിക്കുന്ന തൊഴിലുടമകൾ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം 2,000 മുതൽ 5,000 ഡോളർ വരെയാണ് ഫീസായി നൽകിയിരുന്നത്. എന്നാൽ കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ ചൂഷണം ചെയ്യുന്നത് തടയാനാണ് താൻ ഫീസ് വർധിപ്പിച്ചതെന്നായിരുന്നു ട്രംപിന്റെ വാദം. നേരത്തേ അമേരിക്കയിലെ ജോലികൾ അമേരിക്കയിലെ ജനങ്ങൾക്ക് തന്നെ ലഭിക്കണമെന്നും വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ അത് തട്ടിയെടുക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും രംഗത്ത് വന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*