ദിവസവും തുണി നനച്ച് തുടച്ച് പൗഡറിട്ട് കൊടുക്കും; കൊല്ലത്ത് മാതാവിന്റെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മകൻ പൂജ ചെയ്തത് മൂന്ന് ദിവസം

കൊല്ലം കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മകൻ ആരുമറിയാതെ പൂജ ചെയ്തത് മൂന്ന് ദിവസം. കുളത്തുപ്പുഴ ആർ പി എൽ 2F ക്വാട്ടേഴ്സിലെ ചിന്നത്താമ (80) യുടെ മൃതശരീരമാണ് മകൻ കൃഷ്ണ സ്വാമി മൂന്ന് ദിവസം മുറിക്കുള്ളിൽ സൂക്ഷിച്ച് പൂജ ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് കൃഷ്ണ സ്വാമി.

കൃഷ്ണ സ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോളാണ് സംഭവം പുറത്തിറഞ്ഞത്. ഉടനെ മറ്റ് ബന്ധുക്കളെയും കുളത്തുപ്പുഴ പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് അമ്മ മരിച്ചത്. ഇക്കാര്യം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ വെച്ച് പൂജ ചെയ്യുകയായിരുന്നു. കൃഷ്ണ സ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

കുളത്തുപ്പുഴ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം പുഴുവരിച്ച് തുടങ്ങിയതായി കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള കൃഷ്ണ സ്വാമി മൃതദേഹം ദിവസവും തുണി നനച്ച് തുടക്കുകയും പൗഡറിടുകയും ചന്ദനതിരികൾ കത്തിച്ചു വെച്ച് പൂജ നടത്തുകയും ചെയ്തു വരികയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. കുളത്തുപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
അസ്വഭാവിക മരണത്തിന് കുളത്തുപ്പുഴ പൊലീസ് കേസെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*