ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പങ്കുവെച്ച അർദ്ധരാത്രി വീഡിയോ സന്ദേശത്തെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആക്രമണം. പരീക്ഷണ നാളുകളിലൂടെ കടന്നുപോകുന്ന വിദ്യാർഥികളുടെ ബുദ്ധിയെ ഇത്തരം പരിതാപകരമായ വീഡിയോകൾ പങ്കുവെച്ച് അപമാനിക്കരുതെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിക്ക് മുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി പുറത്താക്കുക, നീറ്റ് ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, രാജ്യത്തെ വിദ്യാർഥികളോട് മാപ്പ് പറയുക എന്നിവയാണ് രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾ.
രാജ്യത്തെ വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയാണെന്നും രാഹുൽ വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയർന്നുവരുന്നത്. മതിലുകളില്ലാത്ത വീടിന്റെ ഗേറ്റ് പൂട്ടിയിടുന്ന ചിത്രം പങ്കുവെച്ചാണ് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പ്രധാനമന്ത്രിയുടെ നടപടിയെ പരിഹസിച്ചത്.

Be the first to comment