പ്രിയദർശിനിക്ക് പിന്നാലെ പിങ്ക് ബസ്; സ്ത്രീകൾക്ക് രാത്രിയാത്രയ്ക്ക് പ്രത്യേക കെഎസ്ആർ‍ടിസി സർവീസ്

സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല ‘പിങ്ക് ബസ്’ സർവീസുകൾ ജൂലൈ 23 വ്യാഴാഴ്ച ആരംഭിക്കും. യുഡിഎഫ് സർക്കാരിന്റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി സി‌ പി ജോൺ നിർവഹിക്കും.

തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ ടെക്നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസ് സർവീസ് നടത്തുക. കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച് തമ്പാനൂർ, പട്ടം, മെഡിക്കൽ കോളേജ് (ആർസിസി), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാൾ, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങൾ വഴിയാകും ബസ് സർവീസ് നടത്തുക.

രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, ട്രെയിൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവർക്ക് ഈ സർവീസ് വലിയ ആശ്വാസമാകും. രാത്രി പത്തിനും രാവിലെ അഞ്ചിനുമുള്ള ഷിഫ്റ്റുകളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐ ടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ‘പ്രതിധ്വനി’ എന്ന സംഘടന നൽകിയ നിവേദനവും പരി​ഗണിച്ചാണ് സർവീസ്.

തിരുവനന്തപുരം, എറണാകുളം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പിങ്ക് സർവീസിനായി നിലവിൽ അനുവദിച്ചിട്ടുള്ളത്. രാത്രി കാലങ്ങളിൽ സാധാരണ ബസുകൾ ഇല്ലാത്തതിനാൽ ഉയർന്ന തുക നൽകി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകൾക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകും. സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനുമായി ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സൗകര്യവും ഇലക്ട്രിക് ബസുകളും പദ്ധതിയുടെ ഭാഗമാക്കാൻ കെഎസ്ആർടിസി ആലോചിക്കുന്നുണ്ടെന്ന് ​മന്ത്രി സി പി ജോൺ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*