ബ്രിട്ടനിലെ മന്ത്രിസഭ; ഇന്ത്യൻ വംശജൻ കനിഷ്കക്ക് കാബിനറ്റ് പദവി, ലിസ നന്ദി നിലവിലെ വകുപ്പിൽ തുടരും

ലണ്ടൻ: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആൻഡി ബേൺഹാം പുതിയ മന്ത്രിസഭക്ക് രൂപം നൽകി. നിർമിത ബുദ്ധി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഇന്ത്യൻ വംശജനായ കനിഷ്ക നാരായണിനെ കാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് ഉയർത്തിയ ബേൺഹാം, മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വിശ്വസ്തരായ നിരവധി മന്ത്രിമാരെ ഒഴിവാക്കി. ഇന്ത്യൻ വംശജയായ ലിസ നന്ദി നിലവിലെ വകുപ്പിൽ തുടരും. ഡിജിറ്റൽ, സംസ്കാരം, മാധ്യമം, കായികം എന്നീ മേഖലകളുടെ സെക്രട്ടറിയായും അവർക്ക് അധിക ചുമതല നൽകി.

ബിഹാറിലെ മുസഫർപൂരിൽ ജനിച്ച 36കാരനായ കനിഷ്ക നാരായൺ, 2024 ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പിൽ വെയ്ൽസിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജനായ എം.പിയാണ്. സ്റ്റാർമർ മന്ത്രിസഭയിൽ ജൂനിയർ എ.ഐ മന്ത്രിയായിരുന്ന അദ്ദേഹം, എ.ഐ രംഗത്ത് ബ്രിട്ടന്റെ ആഗോള സ്വാധീനം ഉറപ്പാക്കാൻ വേഗത്തിലും ദീർഘവീക്ഷണത്തോടെയും പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.

കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം വെയ്ൽസിലെ കാർഡിഫിലേക്ക് കുടിയേറിയ കനിഷ്ക, ഓക്സ്ഫർഡിലും സ്റ്റാൻഫോർഡിലും പഠിച്ച ശേഷമാണ് സ്വകാര്യ മേഖലയിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നത്. ദക്ഷിണേഷ്യൻ വംശജയായ ഷബാന മഹ്മൂദ് ആഭ്യന്തര സെക്രട്ടറിയായി തുടരും. മുൻ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി ധനമന്ത്രിയും മുൻ ഊർജമന്ത്രി എഡ് മിലിബാൻഡ് വിദേശകാര്യ സെക്രട്ടറിയുമാകും. വെസ് സ്ട്രീറ്റിങ് ആണ് പ്രതിരോധ സെക്രട്ടറി.

Be the first to comment

Leave a Reply

Your email address will not be published.


*