പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ 3 മാസം മുതല്‍ ആവശ്യാനുസരണം പുതുക്കാവുന്ന നിയമം പ്രാബല്യത്തില്‍

സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ 3 മാസം മുതല്‍ ആവശ്യാനുസരണം പുതുക്കാവുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. അബ്‌ഷെര്‍ പ്ലാറ്റ്‌ഫോം വഴി ഇനി മുതല്‍ 3 മാസം മുതല്‍ 21 മാസം വരെയുള്ള കാലയളവില്‍ ഇഖാമ വിഭജിച്ച് പുതുക്കാനും ഫീസ് ഭാഗികമായി അടയ്ക്കാനും സാധിക്കും. ഹൗസ് ഡ്രൈവര്‍മാരും വീട്ടുജോലിക്കാരും ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് ഈ പുതിയ നടപടി.

ഗാര്‍ഹിക വിസയിലുള്ള തൊഴിലാളികളുടെ ഇഖാമ 3 മാസം മുതല്‍ ആവശ്യാനുസരണം പുതുക്കാവുന്ന നിയമം സൗദിയില്‍ പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജവാസത്തും, മാനവവിഭവശേഷി മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോമും, അബ്‌ഷെറും ചേര്‍ന്നാണ് ഈ പുതിയ ഡിജിറ്റല്‍ സംവിധാനം തുറന്നുനല്‍കിയത്. മുന്‍പ് 1 വര്‍ഷത്തേക്കോ 2 വര്‍ഷത്തേക്കോ മാത്രം പുതുക്കാന്‍ കഴിഞ്ഞിരുന്ന ഇഖാമ, ഇനി മുതല്‍ 3, 6, 9, 12, 15, 18, 21, 24 മാസങ്ങള്‍ വരെയുള്ള വ്യത്യസ്ത കാലയളവിലേക്ക് ആവശ്യാനുസരണം പുതുക്കാന്‍ സാധിക്കും. നിയമം പ്രാബല്യത്തില്‍ വന്നതോടെ തൊഴിലുടമകള്‍ക്ക് ഇഖാമ ഫീസ് ഒന്നിച്ച് അടയ്ക്കുന്നതിന് പകരം തങ്ങള്‍ തിരഞ്ഞെടുക്കുന്ന കാലയളവിലേക്ക് മാത്രമായി ഭാഗികമായി അടച്ചു തീര്‍ക്കാന്‍ സാധിക്കും. ഇത് സ്‌പോണ്‍സര്‍മാരുടെ സാമ്പത്തിക ബാധ്യതകള്‍ വലിയ രീതിയില്‍ കുറയ്ക്കുകയും കൂടുതല്‍ ഇളവുകള്‍ ലഭിക്കുകയും ചെയ്യും.

ലക്ഷക്കണക്കിന് ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്ന സൗദിയില്‍, ഈ നിയമം നടപ്പിലായത് പ്രവാസികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഒരേപോലെ അനുഗ്രഹമാകും. രാജ്യത്തെ ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെയും സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*