തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെകെ രാഗേഷ് ഉന്നയിച്ച ആരോപണത്തിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുമായി സിപിഎം നേതാക്കൾ. ഉദ്യോഗസ്ഥയെ മാറ്റുന്നത് സർക്കാർ തീരുമാനമാണെന്നും വിമർശിക്കുമ്പോൾ രാഗേഷ് കാരണങ്ങൾ കൂടി പറഞ്ഞാലേ ആളുകൾക്ക് കാര്യം വ്യക്തമാവുകയുള്ളൂ എന്നും പികെ ശ്രീമതി പറഞ്ഞു. എന്നാൽ ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ വൻ കൊള്ളയാണ് നടന്നത്. ഈ വിഷയത്തിൽ ഇപി ജയരാജൻ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കെകെ രാഗേഷിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി
വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി. രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ലെന്നും ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്നും പികെ ശ്രീമതി പറഞ്ഞു. പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിൽ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ദിവ്യ എസ് അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണ്. ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണ്. അവരുടെ മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോൺബ്രിട്ടാസിൻ്റെ അഭിപ്രായം തനിക്കില്ല. സർക്കാർ തീരുമാനം പോലെയാണ് മാറ്റം വരുന്നത്. കെകെ രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോൾ കാരണങ്ങൾ കൂടി വ്യക്തമാക്കണം. എന്നാലേ ആളുകൾക്ക് വ്യക്തമാവുകയുള്ളൂവെന്നും പികെ ശ്രീമതി പറഞ്ഞു.

Be the first to comment