ചെന്നൈ: സർക്കാർ ബസുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ സ്പീക്കറിൽ പാട്ട്, റീൽ, വീഡിയോ എന്നിവ പ്ലേ ചെയ്യുകയോ ഉച്ചത്തിൽ ഫോൺ സംസാരിക്കുകയോ ചെയ്യുന്നവർക്ക് ഇനി പിഴയിടുമെന്ന് തമിഴ്നാട് ഗവൺമെന്റ്. ഇത്തരം ശല്യം ഒഴിവാക്കാൻ തമിഴ്നാട് സർക്കാർ പുതിയ നിർദേശം പുറത്തിറക്കി. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ മുതൽ 1,000 രൂപ വരെ പിഴ ഈടാക്കും.
സംസ്ഥാനത്തെ 20,000 സർക്കാർ ബസുകളിലും ഈ നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ് എല്ലാ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്കും നിർദേശം നൽകി. ഓരോ ബസിലും യാത്രക്കാർക്ക് കാണുന്ന വിധത്തിൽ മൂന്ന് മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കും.
സ്റ്റിക്കറുകളിൽ സ്പീക്കർ മോഡ് ഒഴിവാക്കി വയർഡ് അല്ലെങ്കിൽ ബ്ലൂടൂത്ത് ഇയർഫോൺ ഉപയോഗിക്കണമെന്ന് നിർദേശിക്കും. മറ്റ് യാത്രക്കാരെ ബഹുമാനിക്കാനും ശാന്തമായ യാത്ര ഉറപ്പാക്കാനും ആവശ്യപ്പെടുന്ന സന്ദേശങ്ങളും ഉണ്ടാകും.
ഡ്രൈവർമാരും കണ്ടക്ടർമാരും യാത്രക്കാരെ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കണമെന്നും, മറ്റുള്ളവർക്ക് ശല്യമുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇടപെടണമെന്നും ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
2017-ലെ മോട്ടോർ വാഹന ചട്ടങ്ങളും 1989-ലെ തമിഴ്നാട് മോട്ടോർ വാഹന ചട്ടങ്ങളും അടിസ്ഥാനമാക്കിയാണ് ഈ നടപടി. അടുത്തിടെ ചെന്നൈ മെട്രോയും ട്രെയിനുകളിലും സ്റ്റേഷനുകളിലും ശബ്ദശല്യം സൃഷ്ടിക്കുന്നവർക്ക് 2,500 രൂപ വരെ പിഴ ചുമത്തുന്ന നടപടി പ്രഖ്യാപിച്ചിരുന്നു.

Be the first to comment