മെസിയൊക്കെയെന്ത്: അസമിൽ ഫുട്ബോൾ മൈതാനത്ത് പന്തു തട്ടിക്കളിച്ച് കാട്ടാന, ദൃശ്യങ്ങൾ വൈറൽ

മെസിയൊക്കെയെന്ത്, ഇത് താൻ കാട്ടാന. അസമിലെ ഗോലാഘട്ട് ജില്ലയിലെ നുമാലിഗഢിനടുത്തുള്ള ബോഗിധല മേഖലയിൽ നിന്നാണ് ഈ കൗതുകകരമായ സംഭവം റിപ്പോർട്ട് ചെയ്തത്. പച്ചപ്പുനിറഞ്ഞ മൈതാനത്ത് എത്തിയ കാട്ടാന ഫുട്ബോൾ കണ്ടതോടെ അതുമായി കളിക്കുകയായിരുന്നു. ആനയെ കണ്ടതും കളിക്കാരെല്ലാം ഓടി പൊന്തക്കാട്ടിൽ ഒളിച്ചു. ഈ സമയം പന്തുമായി മൈതാനത്ത് ഓടി നടന്ന് കളിക്കുന്ന കാട്ടാനയെ ദൃശ്യങ്ങളിൽ കാണാം. 

മൈതാനത്ത് സ്വതന്ത്രമായി സഞ്ചരിച്ച ആന തുമ്പിക്കൈയും മുൻകാലുകളും ഉപയോഗിച്ച് പന്ത് തട്ടിയും നീക്കിയുമാണ് കളിച്ചത്. പന്തിനൊപ്പമുള്ള ആനയുടെ ചലനങ്ങളും അതിൻ്റെ അസാധാരണമായ ഏകോപനശേഷിയും കാഴ്ചക്കാരെ അമ്പരപ്പിച്ചു. സാധാരണയായി മനുഷ്യരുടെ കളിസ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കുന്ന വന്യജീവികൾ, പ്രത്യേകിച്ചും കാട്ടാന ഫുട്ബോളിൽ തൻ്റെ സ്കിൽ പുറത്തെടുക്കുന്ന കാഴ്ചയായിരുന്നു അത്.

ആനയുടെ ഈ അപ്രതീക്ഷിത കളി നേരിൽ കണ്ടവർക്ക് അത് കൗതുകത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും നിമിഷമായി. പിന്നീട് സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച് എത്തിയത്. കാട്ടാനയുടെ ചടുലതയും പന്തിനോടുള്ള താൽപര്യവും കാഴ്ചക്കാർ പ്രത്യേകം ചൂണ്ടിക്കാട്ടി. 

അസമിൽ കാട്ടാനകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പലപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. മനുഷ്യ-വന്യമൃഗ സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാനത്ത് സജീവ ചർച്ചയായിരിക്കെയാണ്, അതിൽനിന്ന് വ്യത്യസ്തമായി ഒരു കാട്ടാനയുടെ രസകരമായ പെരുമാറ്റം ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 

ഫുട്ബോൾ മൈതാനത്ത് ഒരു പ്രൊഫഷണൽ താരത്തെപ്പോലെ പന്ത് തട്ടുന്ന ആനയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നതിനൊപ്പം, വന്യജീവികളുടെ സ്വാഭാവികമായ കൗശലവും ചടുലതയും ഒരിക്കൽ കൂടി ചർച്ചാ വിഷയമായി.

Be the first to comment

Leave a Reply

Your email address will not be published.


*