ഇഡി കുരുക്കിൽ സിപിഎം: വിപുലീകൃത സംസ്ഥാന സമിതിക്ക് മുൻപായി പിണറായി വിജയനെതിരെ കേസെടുത്തേക്കും

സി.പി.എം. വിപുലീകൃത സംസ്ഥാന സമിതി യോഗം സെപ്തംബർ 13-ന് കോഴിക്കോട് തുടങ്ങാനിരിക്കെ പാർട്ടിയിൽ കടുത്ത പ്രതിസന്ധി. സി.എം.ആർ.എൽ. – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവും പി.ബി. അംഗവുമായ പിണറായി വിജയനെതിരെ കേസെടുക്കുമോയെന്ന ചോദ്യമാണ് സി.പി.എമ്മിൽ ശക്തമാകുന്നത്.

എക്സാലോജിക് കേസിൽ അഴിമതി നിരോധന നിയമപ്രകാരം സർക്കാരിന്റെ ഭാഗത്ത് നിന്നും കേസെടുക്കുമെന്ന വിലയിരുത്തലിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ്. ഇതിനായി ഡി.ജി.പിക്ക് ഇ.ഡി. നിർണായക ശുപാർശ നൽകിക്കഴിഞ്ഞു. ഈ ശുപാർശയിൽ കേസെടുത്ത് മുൻപോട്ടു പോകാൻ തീരുമാനിച്ചാൽ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാകും സി.പി.എം. നേരിടുക. പിണറായി വിജയൻ, മകൾ വീണ ടി., ഭർത്താവ് മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ മതിയായ തെളിവുകൾ ഇ.ഡി. റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്നാണ് വിവരം.

വീണയുടെ അക്കൗണ്ടിലൂടെ നടന്ന 20 കോടി രൂപയുടെ ഇടപാടിന്റെ എല്ലാ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ – റിയാസ് വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ കൃത്യമായ തെളിവുകളും ബാങ്ക് രേഖകൾ സഹിതമാണ് ഡി.ജി.പിക്ക് കൈമാറിയിട്ടുള്ളത്.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പിണറായി വിജയനെയും കുടുംബത്തെയും ഇനിയും ചുമക്കേണ്ടതില്ലെന്ന അഭിപ്രായം സി.പി.എമ്മിനുള്ളിൽ ശക്തമാണ്. പാർട്ടി ഉന്നത പദവികൾ എടുത്തുമാറ്റി പിണറായിയെയും റിയാസിനെയും എം.എൽ.എ.മാർ മാത്രമാക്കി നിർത്തണമെന്ന ആവശ്യം കോഴിക്കോട് നടക്കുന്ന വിപുലീകൃത സംസ്ഥാന സമിതിയിൽ ഉയർന്നേക്കാമെന്ന് മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സർക്കാർ തീരുമാനം അനുസരിച്ച് തുടർ നടപടികൾ ആലോചിക്കാനാണ് ഇ.ഡിയുടെ തീരുമാനം. പലരുടെയും ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. പി.എം.എൽ.എ. (PMLA) കേസിന്റെ അന്വേഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് നിലവിലെ നീക്കം. 

Be the first to comment

Leave a Reply

Your email address will not be published.


*