ഹിന്ദു സംഘടനയുടെ സന്ദർശന വേളയിൽ വനിതാ ജീവനക്കാരോട് മാറി നിൽക്കാൻ നിർദ്ദേശം; ഈഫൽ ടവർ അടച്ചിട്ട് പ്രതിഷേധം

ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവർ സന്ദർശിക്കാനെത്തിയ ഹിന്ദു മതസംഘടനയുടെ ആവശ്യപ്രകാരം വനിതാ ജീവനക്കാരോട് ജോലിസ്ഥലത്ത് നിന്ന് മാറിനിൽക്കാൻ മാനേജ്‌മെന്റ് നിർദ്ദേശം നൽകിയതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പണിമുടക്ക്. ഇതേത്തുടർന്ന് തിങ്കളാഴ്ച ഈഫൽ ടവർ പൂർണ്ണമായി അടച്ചിട്ടു. ബി.എ.പി.എസ് എന്ന സംഘടനയിൽപ്പെട്ട നൂറോളം പ്രതിനിധികൾ ശനിയാഴ്ച ഈഫൽ ടവർ സന്ദർശിച്ചപ്പോഴായിരുന്നു സംഭവം.

വനിതാ ജീവനക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് സന്ദർശക പ്രതിനിധികൾ ആവശ്യപ്പെട്ടതായി ഈഫൽ ടവർ പ്രവർത്തിപ്പിക്കുന്ന സെറ്റ് കമ്പനി സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ടവറിലെയും കരാർ സ്ഥാപനങ്ങളിലെയും വനിതാ ജീവനക്കാരോട് സന്ദർശകരുടെ കണ്ണിൽപ്പെടാതെ ‘മറഞ്ഞുനിൽക്കാൻ’ അധികൃതർ നിർദ്ദേശം നൽകുകയായിരുന്നു. ചില വനിതകളെ മാറ്റി പുരുഷ ജീവനക്കാരെ പകരം നിയമിക്കുകയും, പ്രതിനിധികൾ നിൽക്കുന്ന സ്ഥലങ്ങളിലേക്ക് വനിതകൾ പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.

സംഭവം വൻ വിവാദമായതോടെ, ഇത്തരമൊരു വ്യവസ്ഥ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും ലിംഗസമത്വമെന്ന ഫ്രഞ്ച് റിപ്പബ്ലിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഇതെന്നും SETE പ്രസിഡന്റ് അറിയൽ വെയിൽ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിച്ച പാരീസ് മേയർ ഇമ്മാനുവൽ ഗ്രെഗോയിർ, മാനേജ്‌മെന്റിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.

സ്ത്രീകൾ മാറിനിൽക്കണമെന്ന് ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്ന് ഫ്രഞ്ച് സമത്വ വകുപ്പ് മന്ത്രി ഓറോർ ബെർജെ പ്രതികരിച്ചു. തീവ്ര വലതുപക്ഷ നേതാവ് മരീൻ ലീ പെൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും സംഭവത്തിനെതിരെ രംഗത്തെത്തി. പ്രതിവർഷം 70 ലക്ഷത്തോളം ആളുകൾ സന്ദർശിക്കുന്ന ഈഫൽ ടവർ ചൊവ്വാഴ്ചയോടെ വീണ്ടും തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഭവത്തിൽ ആർക്കെങ്കിലും വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായി ബി.എ.പി.എസ് സംഘടന പ്രസ്താവനയിൽ അറിയിച്ചു. സന്ദർശനം മൂലം മറ്റ് സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ശ്രമിച്ചതെന്നും, ആർക്കും പ്രവേശനം നിഷേധിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*