രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി:സജാദ് വീട്ടിലെത്തുന്നത് പാളയം പ്രദീപിന്റെ ബൈക്കിലെന്ന് തെളിയിച്ച് സിസിടിവി ദൃശ്യങ്ങള്‍; എംഎല്‍എ കയറുന്നതും ഇറങ്ങുന്നതും വിഡിയോയില്‍

തിരുവനന്തപുരം ചിറയന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജാദിന്റെ വീട്ടിലേക്ക് കയറുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. സംഘര്‍ഷത്തിന് ശേഷം രമ്യ ഹരിദാസും മറ്റ് രണ്ടുപേരും ഇറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ബൈക്കില്‍ പോകുന്നത് സജാദും പാളയം പ്രദീപും ആണെന്നും ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം മുതല്‍ സജാദും കുടുംബവും പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. താന്‍ കോഴിക്കടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പാളയം പ്രദീപ് ബൈക്കിലെത്തി എംഎല്‍എ വീട്ടിലെത്തുന്നുണ്ട് അങ്ങോട്ട് ചെല്ലണമെന്ന് പറഞ്ഞുവെന്നാണ് സജാദ് വിശദീകരിച്ചിരുന്നത്. ഇതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. പാളയം പ്രദീപും സജാദും ബൈക്കില്‍ ആദ്യം പോകുന്നു. പിന്നാലെ എംഎല്‍എയും കൂട്ടരും നടന്ന് വീട്ടിലേക്ക് കയറുന്നുവെന്നും ദൃശ്യം വ്യക്തമാക്കുന്നു. പിന്നീട് എംഎല്‍എ ഈ വീട്ടില്‍ നിന്ന് ഓടി പുറത്തേക്കിറങ്ങുന്നതും ഇതേ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സംഘര്‍ഷത്തിന് ശേഷം പാളയം പ്രദീപ് ബൈക്കില്‍ കയറി പോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.

കയ്യാങ്കളി വിവാദത്തില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയാണുള്ളത്. സംഭവം അന്വേഷിക്കുന്നതിനായി കെപിസിസി അന്വേഷണ സമിതിയെ രൂപീകരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായര്‍ക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ ചുമതലക്കാരിയായിരുന്നു രമണി. നാളെത്തന്നെ യോഗം ചേരാനാണ് കെ പി സി സിയുടെ നിര്‍ദേശം. ഇരു വിഭാഗങ്ങളെ കേള്‍ക്കാനും നിര്‍ദേശം നല്‍കി കഴിഞ്ഞു.

കയ്യാങ്കളിയില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയില്‍ എസ്.സി, എസ്.ടി വകുപ്പ് ഉള്‍പ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം, കോണ്‍ഗ്രസ് കൂന്തള്ളൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് തുടങ്ങി ഏഴു പേര്‍ക്കെതിരെയാണ് ചിറയിന്‍കീഴ് പൊലീസ് കേസെടുത്തത്. വിഷയത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.

Be the first to comment

Leave a Reply

Your email address will not be published.


*