അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്: അറസ്റ്റിലായ പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

രാമക്ഷേത്രത്തിലെ കാണിക്കയും സംഭാവനകളും വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എട്ട് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. കേസിൽ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കസ്റ്റഡിയാണ് അയോധ്യയിലെ അഴിമതി വിരുദ്ധ പ്രത്യേക കോടതി ദീർഘിപ്പിച്ചത്. പ്രത്യേക ജഡ്ജി രജത് വർമയുടേതാണ് ഉത്തരവ്. 

സംഭാവന എണ്ണി തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ജീവനക്കാരാണ് കേസിൽ പിടിയിലായിട്ടുള്ളത്. രാമക്ഷേത്രത്തിൻ്റെ പേരിൽ ഭൂമി ഏറ്റെടുത്തത് മുതൽ തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകളുടെ തുടർച്ചയായാണ് സംഭാവന തട്ടിപ്പും പുറത്തുവന്നത്.

ജീവനക്കാർ തമ്മിലുള്ള തർക്കങ്ങൾക്കും മത്സരങ്ങൾക്കുമിടെ പുറത്തുവന്ന വിവരങ്ങളാണ് ഈ കേസിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. തുടർന്ന് 2026 ജൂൺ 25-നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ എന്ന ടിന്നു യാദവ് എന്നിവരാണ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എട്ട് പേർ. കേസ് ഇപ്പോഴും ആദ്യ ഘട്ടത്തിൽ അറസ്റ്റു ചെയ്യപ്പെട്ടവരിൽ നിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

തുടർച്ചയായി നടന്ന കോടികളുടെ വെട്ടിപ്പിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇതുവരെ 79.85 ലക്ഷം രൂപയാണ് വീണ്ടെടുത്തത്. ജയിലിൽ കഴിയുന്നവരിൽ സുഭാഷ് ശ്രീവാസ്തവ സംഭാവന എണ്ണൽ പ്രക്രിയയുടെ പ്രധാന ചുമതലക്കാരനും, ടിന്നു യാദവ് ഡ്രൈവറുമായിരുന്നു. 

ട്രസ്റ്റ് ചെയർമാൻ്റെ ഡ്രൈവറായ ടിന്നു യാദവിന് കോടികളുടെ ആസ്തി ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇരുവരും ചേർന്നാണ് സംഭാവന എണ്ണുന്ന ജീവനക്കാരുടെ നിയമനം പോലും നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*