കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ പാർട്ടിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനകളെ പരസ്യമായി തള്ളി സിപിഎം നേതാക്കൾ രംഗത്ത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പ്രസംഗങ്ങളെ അനുകൂലിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, മുൻ മന്ത്രി സജി ചെറിയാൻ എന്നിവർ മാത്രമാണ് രംഗത്തുവന്നത്.
എന്നാൽ മുൻ മന്ത്രി വി ശിവൻകുട്ടി, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ എന്നിവർ പ്രസംഗങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞു. ഇ പി ജയരാജൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവർ വിഷയത്തിൽ മൗനം പാലിക്കുകയാണ്. പി ജയരാജൻ പരസ്യമായി രംഗത്തുവന്നത് പാർട്ടിയിൽ വലിയ അടിയൊഴുക്കുകൾക്ക് വഴിവെച്ചിട്ടുണ്ട്.
വോട്ട് മാറി ചെയ്ത അണികൾക്ക് തെറ്റ് പറ്റിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വ്യാഖ്യാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനങ്ങളല്ല, പാർട്ടി തന്നെയാണ് തെറ്റുകൾ തിരുത്തേണ്ടതെന്നാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, ഞായറാഴ്ച (സെപ്റ്റംബർ 13) മുതൽ കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നിന്ന് വാർത്തകൾ പുറത്തേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്.
വാർത്തകൾ പുറത്തുപോയാൽ പ്രതിനിധികളുടെ ഫോൺ പരിശോധിക്കുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ പാർട്ടി സെക്രട്ടറി വാർത്താസമ്മേളനം നടത്തി പറയുമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. മുൻ സർക്കാരിൻ്റെ 10 വർഷത്തെ ഭരണത്തിൽ നിശിതമായ വിമർശനങ്ങൾക്ക് യോഗം വേദിയാകുമെന്നാണ് സൂചന.

Be the first to comment