വത്തിക്കാൻ : നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി അന്താരാഷ്ട്ര കാരിത്താസ് സംഘടന സേവനങ്ങൾ തുടർന്ന് വരുന്നു. പ്രളയത്തിൽ ഇതുവരെ ആയിരത്തി ഒരുനൂറിലധികം പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം പേരെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിൽ, നാലായിരം കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. നിലവിൽ ആയിരത്തോളം കുടുംബങ്ങൾക്ക് അടിയന്തര ഭക്ഷണവും താമസസൗകര്യവും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു കഴിഞ്ഞു.
പ്രളയത്തെത്തുടർന്ന് തകർന്ന റോഡുകളും പ്രതികൂല കാലാവസ്ഥയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പല ഉൾനാടൻ ഗ്രാമങ്ങളിലും സന്നദ്ധ പ്രവർത്തകർക്ക് എത്താൻ മണിക്കൂറുകൾ നീണ്ട യാത്ര വേണ്ടിവരുന്നുണ്ടെന്നും, ചിലയിടങ്ങളിൽ ഹെലികോപ്റ്ററുകൾ വഴി മാത്രമേ സഹായം എത്തിക്കാൻ സാധിക്കുന്നുള്ളൂ എന്നും കാരിത്താസ് അധികൃതർ അറിയിച്ചു.
ദുരിതബാധിതർക്ക് തയ്യാറാക്കിയ ഭക്ഷണങ്ങൾ, ശുചിത്വ കിറ്റുകൾ, സോളാർ ലൈറ്റുകൾ എന്നിവ നൽകുന്നതിനൊപ്പം ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങൾക്കും കാരിത്താസ് നേപ്പാൾ തുടക്കം കുറിച്ചിട്ടുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്ക് വാടക നൽകുക, തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുക, കുട്ടികൾക്കായി താൽക്കാലിക പഠന കേന്ദ്രങ്ങൾ ഒരുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. തദ്ദേശീയ പങ്കാളികളുമായും ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റികളുമായും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഈ പ്രകൃതിദുരന്തം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അനീതിയുടെ നേർച്ചിത്രമാണെന്ന് കാരിത്താസ് നേപ്പാൾ എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ സിസിലിയ ചൂണ്ടിക്കാണിച്ചു. നേപ്പാളിലെ ഹിമാലയൻ സമൂഹങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്ന് സിസ്റ്റർ സിസിലിയ എടുത്തു പറഞ്ഞു. ഹിമാനികൾ ഉരുകി തടാകങ്ങൾ തകരുന്നതാണ് ഹിമാലയൻ മേഖലയിൽ ഇത്തരം മിന്നൽ പ്രളയങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
യൂറോപ്പിലെ ഉഷ്ണതരംഗവും നേപ്പാളിലെ പ്രളയവും ഒരേ കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങളാണെന്നും, ഇത് നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വരുംകാലം അതിഭീകരമായിരിക്കുമെന്നു അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ സെക്രട്ടറി ജനറലും അഭിപ്രായപ്പെട്ടു.

Be the first to comment