ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള 770 കോടി ആയുധ ഇടപാട് പരാജയപ്പെട്ടു: എസ്തോണിയൻ പ്രതിരോധ മന്ത്രി രാജിവെച്ചു

ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള 770 കോടിയുടെ ആയുധ ഇടപാട് പരാജയപ്പെട്ടതിനെ തുടർന്ന് എസ്തോണിയൻ പ്രതിരോധ മന്ത്രി ഹാനോ പെവ്കുർ രാജിവെച്ചു. തന്റെ മന്ത്രാലയത്തിനുള്ളിലുണ്ടായ വീഴ്ചകളുടെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് ഹാനോ പെവ്കുർ രാജി സമർപ്പിച്ചത്. പ്രതിരോധ ചെലവഴിക്കലുകളിലും ആയുധ സംഭരണത്തിലും എസ്തോണിയയുടെ നാഷണൽ ഓഡിറ്റ് ഓഫീസ് ഉന്നയിച്ച വിമർശനങ്ങളെ തുടർന്നാണ് ഈ നീക്കം.

എങ്ങനെയാണ് 70 ദശലക്ഷം യൂറോയുടെ (770 കോടി രൂപ) ഇടപാടിൽ വീഴ്ച സംഭവിച്ചത്?

ഇന്ത്യൻ കമ്പനിയായ നെക്കോ ഡിഫൻസ് മ്യൂണിഷൻസ് 2024-ൽ ഏറ്റെടുത്ത ഇറ്റലി ആസ്ഥാനമായ ഡാറ്റാസെൽ എസ്ആർഎൽ എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. യുക്രെയ്നിലെ വെടിക്കോപ്പ് ക്ഷാമം പരിഹരിക്കാനായി പീരങ്കി ഷെൽസ് വാങ്ങുന്നതിനായി എസ്തോണിയയുടെ സെന്റർ ഫോർ ഡിഫൻസ് ഇൻവെസ്റ്റ്‌മെന്റ്സ് ഈ കമ്പനിയുമായി കരാർ ഒപ്പിടുകയായിരുന്നു.

എസ്തോണിയൻ പബ്ലിക് ബ്രോഡ്കാസ്റ്ററായ ERR, ഈസ്റ്റി എക്സ്പ്രസ് , പോസ്റ്റിമീസ്‌ ‌എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, യൂറോപ്യൻ യൂണിയന്റെ ‘യൂറോപ്യൻ പീസ് ഫെസിലിറ്റി’ വഴി എസ്തോണിയ ഏകദേശം 70 ദശലക്ഷം യൂറോ മുൻകൂറായി നൽകിയിരുന്നു. ഡാറ്റാസെൽ മുൻപ് ഒരു പീരങ്കി ഉണ്ട പോലും നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. മാസങ്ങൾക്കുള്ളിൽ വെടിക്കോപ്പുകൾ യുക്രെയ്നിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും വിതരണം തുടർച്ചയായി വൈകി.

2025-ൽ എത്തിച്ച വെടിക്കോപ്പുകൾ ഗുണനിലവാരമില്ലാത്തതും തകരാറുള്ളതുമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവയൊന്നും യുക്രെയ്നിലേക്ക് അയച്ചില്ല. തുടർന്ന് പണം തിരിച്ചുപിടിക്കാൻ എസ്തോണിയ ആർബിട്രേഷൻ നടപടികൾ തുടങ്ങിയിരിക്കുകയാണ്. എന്നാൽ, എസ്തോണിയയുടെ ആരോപണങ്ങളെ ഡാറ്റാസെൽ എതിർക്കുന്നതായി ഈസ്റ്റി എക്സ്പ്രസിനെ ഉദ്ധരിച്ച് ERR റിപ്പോർട്ട് ചെയ്തു. തങ്ങൾ വൻതോതിൽ സാധനങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും 58 ദശലക്ഷം യൂറോയുടെ ബില്ലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും കമ്പനി വാദിക്കുന്നു.

കൂടാതെ, കരാർ റദ്ദാക്കാൻ തക്ക ഗുണനിലവാര പ്രശ്നങ്ങൾ ഇല്ലെന്നും അവർ അവകാശപ്പെടുന്നു. “മുൻപ് വീട് നിർമ്മിച്ച് പരിചയമില്ലാത്ത ഒരു കമ്പനിയെ വീടുപണി ഏൽപ്പിച്ചാൽ, ആ വീട് പൂർത്തിയാകുമോ എന്ന് സംശയം തോന്നും; ഈ കമ്പനിയുമായി നമ്മൾ കരാറിൽ ഏർപ്പെടരുതായിരുന്നു,” എന്ന് എസ്തോണിയൻ സെന്റർ ഫോർ ഡിഫൻസ് ഇൻവെസ്റ്റ്‌മെന്റ്സ് മേധാവി എൽമാർ വാഹെർ ‌പ്രതികരിച്ചു.

രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് പെവ്കുർ

എസ്തോണിയയുടെ പ്രതിരോധ സംഭരണ സംവിധാനത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് ഈ രാജി. ഈ പണം തിരികെ ലഭിച്ചില്ലെങ്കിൽ രാജ്യത്തിന്റെ സ്വന്തം ബജറ്റിൽ നിന്ന് തുക നൽകേണ്ടി വരുമെന്ന് നാഷണൽ ഓഡിറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യക്തിഗത കരാറുകൾ ചർച്ച ചെയ്യുന്നതിൽ പങ്കില്ലെങ്കിലും, രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പെവ്കുർ പറഞ്ഞു.

“വ്യക്തിപരമായി ഉത്തരവാദിത്തമില്ലെങ്കിൽ പോലും, രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യവും വ്യക്തിത്വവും ഒരു നേതാവിനുണ്ടാകണം,” അദ്ദേഹം വ്യക്തമാക്കി. “പ്രതിരോധ മന്ത്രി നേരിട്ട് കരാർ ചർച്ച നടത്താറില്ല, വെടിക്കോപ്പുകളുടെ എണ്ണം തിട്ടപ്പെടുത്താറില്ല; യുക്രെയ്നെ പിന്തുണയ്ക്കാനുള്ള അടിസ്ഥാന തീരുമാനമാണ് മന്ത്രി എടുക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറുകളുടെ വിശദാംശങ്ങൾ സെന്റർ ഫോർ ഡിഫൻസ് ഇൻവെസ്റ്റ്‌മെന്റ്സ് ആണ് കൈകാര്യം ചെയ്തതെന്നും താൻ ഇത് പൂർണമായി വായിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2022 മുതൽ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പെവ്കുർ, രാജ്യസുരക്ഷ ശക്തമാക്കാൻ ശരിയായ തീരുമാനങ്ങളാണ് എടുത്തതെന്ന വിശ്വാസത്തോടെയാണ് പദവി ഒഴിയുന്നതെന്ന് വ്യക്തമാക്കി. “എസ്തോണിയ മുൻപെങ്ങുമില്ലാത്തവിധം സുരക്ഷിതമാണ്,” എന്ന് അദ്ദേഹം കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*