ആചാരപ്പെരുമയും വാശിയേറിയ തുഴച്ചില്‍ മികവും നിറഞ്ഞ ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ എ ബാച്ച് വിഭാഗത്തില്‍ മേലുകര പള്ളിയോടവും ബി ബാച്ചില്‍ കോറ്റാത്തൂർ കൈതക്കോടിയും മന്നം ട്രോഫി സ്വന്തമാക്കി.
തുടർച്ചയായ രണ്ടാം തവണയാണ് മേലുകര കിരീടം നിലനിർത്തുന്നത്. ബി ബാച്ചില്‍ കോറ്റാത്തൂർ തങ്ങളുടെ തുടർച്ചയായ മൂന്നാം വിജയവും ആകെ 19-ാം കിരീടവുമാണ് സ്വന്തമാക്കിയത്. മികച്ച രീതിയില്‍ പാടിത്തുഴഞ്ഞ ചെന്നിത്തല പള്ളിയോടം ആർ. ശങ്കർ മെമ്മോറിയല്‍ ട്രോഫിക്ക് അർഹമായി.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 4.32 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് എ ബാച്ചില്‍ മേലുകര ജേതാക്കളായത്. തൊട്ടുപിന്നില്‍ കോയിപ്രം (4.3349 സെക്കൻഡ്) രണ്ടാം സ്ഥാനവും, ഇടശ്ശേരിമല കിഴക്ക് (4.3374 സെക്കൻഡ്) മൂന്നാം സ്ഥാനവും, മല്ലപ്പുഴശ്ശേരി (4.349 സെക്കൻഡ്) നാലാം സ്ഥാനവും നേടി.
ബി ബാച്ചില്‍ 4.42 സെക്കൻഡില്‍ ഫിനിഷിങ് ലൈൻ തൊട്ടാണ് കോറ്റാത്തൂർ കൈതക്കോടി വിജയം ഉറപ്പിച്ചത്. വന്മഴി (4.43 സെക്കൻഡ്), തോട്ടപ്പുഴശ്ശേരി (4.44 സെക്കൻഡ്), മംഗലം (4.45 സെക്കൻഡ്) എന്നിവ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
എ ബാച്ചില്‍ 35-ഉം ബി ബാച്ചില്‍ 16-ഉം ഉള്‍പ്പെടെ ആകെ 51 പള്ളിയോടങ്ങളാണ് ഇത്തവണത്തെ മത്സരങ്ങളില്‍ പങ്കെടുത്തത്. വൈകിട്ട് മൂന്നോടെ ആരംഭിച്ച മത്സരങ്ങള്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
നെഹ്റു ട്രോഫി വള്ളംകളിയുടെ മാതൃകയിലാണ് ഇത്തവണ മത്സരങ്ങള്‍ നടന്നത്. മത്സരത്തിന്റെ ഭാഗമായി ഓരോ ഹീറ്റിലെയും പള്ളിയോടങ്ങളുടെ പ്രകടനം വീഡിയോയില്‍ പകർത്താൻ പ്രത്യേക സംഘത്തെ ഏർപ്പെടുത്തി. പള്ളിയോടങ്ങളുടെ തനത് രീതിയും ആചാരപരമായ ചിട്ടകളും പാലിക്കുന്നുണ്ടോ എന്ന് ഇതിലൂടെ ഉറപ്പാക്കാനായി. ആറന്മുള ജലമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പള്ളിയോടങ്ങളുടെ ജലഘോഷയാത്ര. വഞ്ചിപ്പാട്ടിന്റെ താളത്തില്‍ പമ്പയിലൂടെ പള്ളിയോടങ്ങള്‍ നീങ്ങുന്ന കാഴ്ച കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും ഉള്‍പ്പെടെ നിരവധി പേരാണ് ആറന്മുളയിലെത്തിയത്.

Be the first to comment