ആരാധനാക്രമത്തിലെ സജീവ പങ്കാളിത്തം നമ്മെ ദൈവവുമായുള്ള ബന്ധത്തിലേക്ക് നയിക്കുന്നു: ലെയോ പാപ്പ

ആരാധനാക്രമത്തിലെ സജീവ പങ്കാളിത്തം നമ്മെ ദൈവവുമായുള്ള ബന്ധത്തിലേക്ക് നയിക്കുന്നുവെന്ന് ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. ഓഗസ്റ്റ് 26 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പൊതുകൂടിക്കാഴ്ചയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നടപ്പിലാക്കിയ ആരാധനാക്രമ പരിഷ്കരണത്തിന്റെ പ്രാധാന്യം ലെയോ പതിനാലാമൻ മാർപാപ്പ എടുത്തുപറഞ്ഞു. ആരാധനാക്രമത്തിൽ (Liturgy) കൂടുതൽ സജീവമായി പങ്കുചേരാനും ദൈവവുമായി കൂടുതൽ ആഴത്തിലുള്ള ബന്ധത്തിലേക്ക് പ്രവേശിക്കാനും ഇത് വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.

“സഭയുടെ തിരുക്കർമ്മങ്ങളിലൂടെ രക്ഷാകരമായ പ്രവർത്തികളെ അനുസ്മരിക്കുമ്പോൾ തന്നെ, ദൈവവുമായുള്ള യഥാർഥ ബന്ധം അനുഭവിക്കാനും രക്ഷാകരമായ സംഭവവുമായി സമ്പർക്കത്തിൽ വരാനുമുള്ള അവസരം ലഭിക്കുന്നു. വിശുദ്ധ ആരാധനാക്രമത്തിലെ വാക്കുകളും പ്രവൃത്തികളും ഈ അനുഭവം സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായകമായതിനാൽ, വിശ്വാസികളുടെ പങ്കാളിത്തം നിഷ്ക്രിയമായിരിക്കാൻ കഴിയില്ല,” പാപ്പ കൂട്ടിച്ചേർത്തു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണങ്ങളെക്കുറിച്ചുള്ള പരമ്പര തുടർന്ന ലെയോ മാർപാപ്പ, പരിശുദ്ധ ആരാധനാക്രമത്തെക്കുറിച്ചുള്ള 1963 ലെ ‘സാക്രോസാങ്തം കോൺസിലിയം’ (Sacrosanctum Concilium) എന്ന ഭരണഘടനയെക്കുറിച്ചുള്ള തന്റെ അവസാനത്തെ പ്രബോധനം നൽകുകയായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട പ്രമാണമായ സാക്രോസാങ്തം കോൺസിലിയം ആരാധനാക്രമങ്ങൾ പ്രാദേശികഭാഷകളിൽ നടത്താൻ അനുവദിച്ചുകൊണ്ടും വിശ്വാസികളുടെ കൂടുതൽ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ടും ആരാധനാക്രമത്തിൽ സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവന്നു.

കൗൺസിൽ പിതാക്കന്മാർ ഈ പരിഷ്കരണം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതിന്റെ കാരണങ്ങൾ തന്റെ പ്രബോധനത്തിൽ മാർപാപ്പ വിശദീകരിച്ചു. “അതുകൊണ്ട്, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രോത്സാഹിപ്പിച്ച ആരാധനാക്രമ പരിഷ്കരണം സഭയുടെ ജീവസ്സുറ്റ പാരമ്പര്യത്തിൽ ആഴത്തിൽ വേരൂന്നിയതാണ്. ആരാധനാക്രമ ശുശ്രൂഷകൾ വ്യക്തിപരമായ കാര്യങ്ങളല്ലെന്നും, മറിച്ച് ‘ഐക്യത്തിന്റെ കൂദാശ’യായ സഭയുടെ ആഘോഷങ്ങളാണെന്നും, അതായത് മെത്രാന്മാരുടെ കീഴിൽ ഒന്നിച്ച് അണിനിരന്ന വിശുദ്ധ ജനത്തിന്റെ ആഘോഷമാണെന്നും” മാർപാപ്പ വ്യക്തമാക്കി.

അതിനാൽ, “നിയമങ്ങൾ പാലിച്ചുകൊണ്ട്, ലളിതവും മനോഹരവുമായ രീതിയിൽ പ്രകാശിക്കുകയും, ഏകവും വിശുദ്ധവും സാർവത്രികവും അപ്പസ്തോലികവുമായ സഭയെ വെളിപ്പെടുത്തുകയും ചെയ്യുന്ന ആരാധനാക്രമത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഇടയന്മാരുടെയും മെത്രാന്മാരുടെയും ഓരോ വൈദികന്റെയും പ്രാഥമിക ഉത്തരവാദിത്തമാണ്” എന്നും മാർപാപ്പ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*