കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ്. ഇഡി പുകമറ സൃഷ്ടിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തു കളിയാണ് റെയ്ഡ്. ഇഡിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിക്കും. പി.എ മുഹമ്മദ് റിയാസിന്റെത് സംശുദ്ധ രാഷ്ട്രീയ ജീവിതം. ഇഡിക്കെതിരെ കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മെഹബൂബ്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിനെ പിന്തുണച്ച് സിപിഐഎം നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ് ആണെന്നും നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.
ഇഡി പരിശോധനക്കിടെ ഫ്ലാറ്റിൽ എത്തി കണ്ടാണ് മെഹബൂബിന്റെ പ്രതികരണം. ഇഡിയെ കൊണ്ടുനടക്കുന്നത് ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണ്. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. നിഖിലുമായി സംസാരിച്ചു. നിഖിലിനെ ഇഡി ചോദ്യം ചെയ്യുകയാണെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
അതേസമയം മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇ.ഡി സംഘം കോഴിക്കോട് വീണ്ടും വ്യാപക പരിശോധന നടത്തുന്നു. രാവിലെ തുടങ്ങിയ ED റെയ്ഡ് 12 മണിക്കൂർ പിന്നിട്ടു. സി.പി.ഐ. എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന പുരോഗമിക്കുന്നത്.
മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളിലേക്കും ഇ.ഡി അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇവരുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം പരിശോധന നടത്തുന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചതെന്നാണ് സൂചന.

Be the first to comment