ഡോ.എം.എസ്‌.സ്വാമിനാഥന്‌ ഇന്ദിരാഗാന്ധി പുരസ്‌കാരം

പ്രമുഖ കൃഷിശാസ്‌ത്രജ്ഞനും ഇന്ത്യയില്‍ ഹരിത വിപ്ലവത്തിന്റെ പിതാവും പ്രമുഖ കാര്‍ഷിക ശാസ്‌ത്രജ്ഞനുമായ ഡോ.എം.എസ്‌.സ്വാമിനാഥന്‍ ദേശീയോദ്‌ഗ്രഥത്തിനുള്ള 2012 ലെ ഇന്ദിരാഗാന്ധി നാഷണല്‍ ഇന്റഗ്രേഷന്‍ അവാര്‍ഡിന്‌ അര്‍ഹനായി. അഞ്ചു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ഇന്ദിരാഗാന്ധിയുടെ ചരമദിനമായ 31 ന്‌ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി സമ്മാനിക്കും. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവെന്ന്‌ അറിയപ്പെടുന്ന സ്വാമിനാഥന്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച്‌ കൗണ്‍സിലിന്റെ ഡയറക്‌ടര്‍ ജനറലായും കൃഷിമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കുട്ടനാട്‌ പാക്കേജ്‌ വിഭാവനം ചെയ്‌തതുള്‍പ്പെടെ കേരളത്തിനും ഡോ. എം.എസ്‌ സ്വാമിനാഥന്‍ നിരവധി സംഭാവനകള്‍ നല്‍കി. കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശിപാര്‍ശകളാണ്‌ ഇതില്‍ പ്രധാനമായും ഉള്ളത്‌. കാര്‍ഷിക ഗവേഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐക്യരാഷ്ട്ര സംഘടന സ്വാമിനാഥന്‌1987-ല്‍ ആദ്യത്തെ വേള്‍ഡ്‌ ഫുഡ്‌ പ്രൈസ്‌ സമ്മാനിച്ചു. ആലപ്പുഴ മങ്കൊമ്പ്‌ സ്വദേശിയായ സ്വാമിനാഥന്‍ (88) അടുത്തകാലംവരെ രാജ്യസഭാംഗമായിരുന്നു. രംഗനാഥാനന്ദ സ്വാമി, എം.എസ്‌.സുബ്ബലക്ഷ്‌മി, അരുണ ആസഫ്‌ അലി, എ.പി.ജെ.അബ്ദുല്‍കലാം, പി.എന്‍.ഹക്‌സര്‍, ശങ്കര്‍ദയാല്‍ ശര്‍മ തുടങ്ങിയവര്‍ക്കും ഈ ബഹുമതി ലഭിച്ചിട്ടുണ്ട്‌.